Monday, December 19, 2011

ബാബുട്ടന്റെ കൂടെ ഒരു " ടൂ ... ര്‍ ..ര്‍ ..ര്‍.. ! " , - പ്ലേ & റിപ്ലേ



നാട്ടിലെ  വൃദ്ധരായ ഒരു പറ്റം ആളുകളുള്ള ഒരു സംഘടനയുണ്ട്  " യംഗ്  മെന്‍സ്  അസോസിയേഷന്‍ ".
അതെന്താ ഇഷ്ടാ അങ്ങനെ ഒരു പേര് ...!
പണ്ട്  വിമോചന സമരം കൊടുമ്പിരി കൊണ്ട സമയത്തോ മറ്റോ ആണ് ,
നാട്ടിലെ വളരെ പ്രമുഖരും തല നരച്ചവരും നരക്കാന്‍ അനുവദിക്കാതവരുമായ ഇന്നത്തെ ആ സംഘടനയുടെ
ഭാരവാഹികള്‍ അവരുടെ ആയ കാലത്ത് രൂപീകരിച്ച സംഘടന. അന്ന് ശരിക്കും " യംഗ്  മെന്‍സ്  അസോസിയേഷന്‍ " തന്നെയായിരുന്നു.. !

പക്ഷെ ഇന്ന് , കാലം വരുത്തിയ നരകള്‍ ചായം കൊണ്ട് മാച്ചു കളഞ്ഞ് ഈ അഭിനവ യുവാക്കള്‍  ,
 ഇപ്പോഴും മെയിന്‍ റോഡിന്റെ കേവലം ഇരുനൂറു മീറ്റര്‍ മാത്രം ഉള്ളിലേക്ക് ചെന്നാല്‍ കാണാവുന്ന
എട്ട് സെന്റ് ഭൂമിയില്‍ പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തില്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഒരു ശല്ല്യമില്ലാതെ അവിടെയിരുന്നു ചീട്ടു കളിച്ചും അവിടുത്തെ കൊച്ചു ടി വിയില്‍  എഫ് .ടി .വി കണ്ടും
പൊയ്പ്പോയ ഇന്നലകളിലെ ഓര്‍മ്മകള്‍ അയവിറക്കിയും , ചെറുത്  അടിച്ചും , മുഹമ്മദ്‌  റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഹിന്ദി പാട്ടുകള്‍ മൂളിയും( ശ്രുതി പോയിട്ട് ഒരു പത്ത് പൈസയുടെ സംഗതി പോലുമില്ലാതെ ) താളം പിടിച്ചും , ഏറ്റു പാടിയും ..അവരുടെ മക്കളും ഇപ്പോഴത്തെ യഥാര്‍ത്ഥ 'യംഗ്  മെന്‍ ' ആയ  ആധുനിക സമൂഹത്തെ കുറിച്ച് ആശങ്കപ്പെട്ടും കഴിഞ്ഞു പോന്നു ..!

നാട്ടിലെ  മെഡിക്കല്‍ സ്റ്റോര്‍സില്‍ ഏറ്റവും ചെലവുള്ള ഐറ്റംസ് ഏതെന്നു ചോദിച്ചാല്‍ ,
ഉത്തരം ( അയ്യേ , അതല്ല ...! ) ഗോദ്റെജ്  ഡൈ , പ്രഷറിന്റെ ഗുളിക , ഷുഗറിന്റെ ഗുളിക ഇത്യാദി   സാധങ്ങളായിരുന്നു ..
 
ഇവിടുത്തെ ഡൈ എന്ന സാധനത്തിന്റെ ഉപജ്ഞാതാവ് ആര് എന്ന ചോദ്യത്തിനുത്തരവും ..
പെട്ടത്തലയില്‍ മുടിയില്ലാത്ത ആ  ഭാഗത്ത്‌  പോലും കറുത്ത ചായം പൂശിയ കലാകാരന്‍, റിട്ടയെര്‍ഡ്  പട്ടാളക്കാരന്‍
മിസ്റ്റര്‍ കേണല്‍ തോമസ്‌ സാര്‍ ആണ് ഈ കഥയിലെ ആദ്യ നായകന്‍ ...!

എപ്പോഴും ഹിന്ദി സംസാരിക്കാന്‍ ശ്രമിക്കുന്ന , ഹിന്ദി പാട്ട് മാത്രം പാടുന്ന കേണല്‍...!!
ഇന്നത്തെ തലമുറയില്‍ പെട്ട ആരെങ്കിലും , മുന്‍ ജമങ്ങളില്‍  എപ്പോഴോ ചെയ്ത പാപത്തിന്റെ ഫലമായി
അറിയാതെ എങ്ങാനും  നമ്മുടെ കേണല്‍ സാറിന്റെ അടുത്തെങ്ങാനും ചെന്ന് പെട്ടാല്‍ ...!
പിന്നെ പെട്ടു ..!!

ഒരിക്കലും പെയ്തു തീരാത്ത മഴ പോലെയാണ് കേണല്‍ സാറിന്റെ ' വെടി കഥകള്‍ ' ( അയ്യേ , വീണ്ടും അതല്ല ).
അതെന്താ എന്നറിയില്ലേ ..?
കേണല്‍ സാറിന്റെ പട്ടാളത്തിലെ ' ധീര കഥകള്‍ ,
വീര കഥകള്‍ , ഐശ്വര്യ കഥകള്‍ പാടാം ' എന്ന് ഒരിക്കല്‍ കൂട്ടുകാരോടൊത്ത് ,
പാലത്തിനടുത്ത് ഇരിക്കുന്ന വേളയില്‍ എന്റെ സര്‍ഗ്ഗാത്മകതയുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു ഞാന്‍ പാടിയ  ഗാനം കേട്ട് ,  കേണല്‍ സാര്‍  എന്നെ നോക്കിയാ ആ നോട്ടം ... !!
അതിര്‍ത്തി കടന്നു വന്ന ചൈനക്കാരെ എങ്ങാനും നോക്കിയിരുന്നുവെങ്കില്‍ ...
തമ്പുരാന്‍ തന്നാനെ , അവര്‍ ദലയ്ലാമ , അരുണാചല്‍ പ്രദേശ്‌ എന്നൊന്നും പറഞ്ഞു ആ വഴിക്ക്  അവര്  വരില്ലായിരുന്നു ..!

പക്ഷെ , ഞങ്ങളുടെ കാര്യത്തില്‍ ' ഉര്‍വശി ശാപം ഉപകാരമായി '
അതിനു ശേഷം , പട്ടാള കഥ പോയിട്ട്  കേണല്‍ സാറിന്റെ ഒരു കഥയും കേള്‍ക്കേണ്ട ഗതികേട് എനിക്കോ ,
എന്റെ കൂട്ടുകാര്‍ക്കോ ഉണ്ടായിട്ടില്ല ...!
ചിലപ്പോഴൊക്കെ ഒരു സമൂഹത്തിനു വേണ്ടി ഒരാള്‍ രക്തസാക്ഷി  ആകേണ്ടി വരും ..!
ഞാന്‍ ഒരു നിമിത്തമായി ..!
" ഒരിടത്തവന്റെ പേര്‍ ചെഗ്വേരയെന്നാണെങ്കില്‍ മറ്റൊരിടത്ത് അവനു പ്രവീണ്‍ എന്ന് പേര്‍ ...!!"


ഈ വൃദ്ധ കൂട്ടായ്മയുടെ സൌന്ദര്യം കണ്ട് പഠിക്കാന്‍ ശ്രമിച്ചവരാണ് ഞങ്ങള്‍ പുതിയ തലമുറ ..
പക്ഷെ , ഉപ്പിനോളം ഒക്കുമോ ഉപ്പുമാവ് ..!
പഴയ തലമുറയുടെ  'ഓട്ടങ്ങളുടെയും  ചാട്ടങ്ങളുടെയും'  കഥകള്‍ അവരുടെ ' സ്മോള്‍ ' സദസ്സുകളില്‍ നിന്ന്
ഒളി ക്യാമറയില്‍ നിന്നെന്ന പോലെ  പുറത്തു ചാടുകയും ...
ബ്ലൂ ടൂത്ത്  വഴിയെന്ന പോലെ പെട്ടന്ന്  പടരുകയും ചെയ്തു ...!
 

ആ കഥകള്‍ അവരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും
" ട്വിങ്കിള്‍ .. ട്വിങ്കിള്‍ ലിറ്റില്‍  സ്റ്റാര്‍ " പോലെ ബൈ ഹാര്‍ട്ട്‌ ആയിരുന്നു ...
 ' എന്ത് കൊണ്ട് .. എന്ത് കൊണ്ട് .. എന്ത് കൊണ്ട് .... ?
കേര്‍ണല്‍ സാര്‍ ഹിന്ദി വിരഹ ഗാനങ്ങള്‍ പാടുന്നത് എന്ത് കൊണ്ട്  ..?
കഴിഞ്ഞ വര്‍ഷം ടൌണിലെ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു ടീച്ചര്‍ , പണ്ട് നാട്ടില്‍ നിന്നു ട്രാന്‍സ്ഫര്‍ വാങ്ങി ടൌണിലേക്ക് പോയതെന്ത് കൊണ്ട് ??  എന്ത് കൊണ്ട് .. എന്ത് കൊണ്ട് ...?
എന്നിങ്ങനെയുള്ള നാട്ടിലെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പാണന്മാര്‍ പാടി നടക്കാതെ തന്നെ ,
ഞങ്ങള്‍ അറിഞ്ഞത് അങ്ങനെയാണ് ... !
ഏത് നാട്ടിന്‍പുറത്തെ പോലെയും , തലമുറ തലമുറ കൈമാറി ഞങ്ങള്‍ക്ക് കിട്ടിയ കരുത്ത് ..!
അവര്‍ക്ക് ബദലായി ഞങ്ങളുടെ തലമുറ ഒരു  'ഓള്‍ഡ്‌ മെന്‍സ് അസോസിയേഷന്‍ ' എന്ന ഒരു സംഘടന ഉണ്ടാക്കണമെന്ന ക്രിയാത്മകമായ എന്റെ നിര്‍ദ്ദേശം എന്റെ കൂട്ടുകാര്‍ വോട്ടിനിട്ട് തള്ളികളഞ്ഞത്  എന്ത് കൊണ്ട് , എന്ത് കൊണ്ട് ..? എന്ന എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല ..

എക്സ് - ഗള്‍ഫുകാരും  റിട്ടയേര്‍ഡ്‌  ഉദ്യോഗസ്ഥരും  അടങ്ങുന്ന ' യംഗ്  മെന്‍സ് അസോസിയേഷ'ന്റെ എക്കാലത്തെയുമുള്ള പ്രസിഡന്റ്‌ കേര്‍ണല്‍ സാര്‍ ആണ് ...! അതാണ്‌ മിലിട്ടറി ക്വാട്ടയുടെ ഒരു പവറ് ..!
എത്ര അഭിപ്രായ വ്യതാസമുണ്ടായാലും കേര്‍ണല്‍ സാറിന്റെ മിലിട്ടറി ക്വാട്ടയുടെ മുന്‍പില്‍ അവര്‍ ഒരേ സ്വരമാകുന്നു ..!
 

"മിലേ , സ്വര് മേരാ തുമാരാ  ...!! "
അതുകൊണ്ട് തന്നെയാണ് .. തണുപ്പ് കാലത്ത് , കഴിഞ്ഞ വര്‍ഷം ക്രിസ്മസ്  അവധി തുടങ്ങുന്നതിനു മുന്‍പ് ,അവര്‍ ഒരു ടൂര്‍ പോകാനുള്ള തീരുമാനമുണ്ടായത് ...!

മൈസൂര്‍ , ഊട്ടി , ഗോവ  തുടങ്ങിയ ഒരുപാട്  സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു ...!!
പക്ഷെ മിലിട്ടറി ക്വാട്ടയുടെ  സ്വാധീനം  അവിടെയും  കാണാമായിരുന്നു ..!
കേര്‍ണല്‍ പറഞ്ഞു,  വണ്‍ ഡേ ടൂര്‍ മതി ...!
" വണ്‍ ഡേ ടൂര്‍  മതി ...! "
കേര്‍ണല്‍ പറഞ്ഞു  ,രാവിലെ തന്നെ പോകാം ...
"ശരി , രാവിലെ പോകാം ... "
കേര്‍ണല്‍  പറഞ്ഞു , മൂന്നാറ് മതി ...
" അതെ അതെ .. മൂന്നാറ് മതി ....!!"
കേര്‍ണല്‍ പറഞ്ഞു , കുപ്പികളെല്ലാം തന്റെ വക എന്ന് .....!
എല്ലാരും കയ്യടിച്ചു തീരുമാനം പാസ്സാക്കി ..! അവര്‍ ഉള്ളു തുറന്നു ചിരിച്ചു ..
അറുപതു വയസ്സ് കഴിഞ്ഞവര്‍ക്കും ആറു വയസ്സുകാരുടെ നിഷ്കളങ്കത ..!
ഇതുപോലെ ഒരു ചിരിയുടെ സൗന്ദര്യം  ' എലി പുല്ലും കതിര്‍ കണ്ട പോലെ ' എന്ന ഭാഷാപ്രയോഗത്തില്‍ മാത്രമേ  ഞാന്‍ കണ്ടിട്ടുള്ളു ..!തീരുമാനമെടുത്തു യോഗം പിരിയുമ്പോള്‍ എല്ലാരും എന്തെന്നില്ലാത്ത  സന്തോഷം ..!
 

അവര്‍ എല്ലാം നല്ല സാമ്പത്തിക ഭദ്രതയുള്ളവര്‍ ..!
അഞ്ചക്ക പെന്‍ഷന്‍ വാങ്ങുന്നവര്‍ , ബാങ്കില്‍  ലക്ഷങ്ങളുടെ  ഡെപ്പോസിറ്റ്  ഉള്ളവര്‍ ...!
ബ്ലേഡ് , റിയല്‍ എസ്റ്റേറ്റ്‌ എന്നീ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ ...!
ആയിരങ്ങള്‍ വലിച്ചെറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ ...!!
പക്ഷെ , അംബാനിയായാലും വെറുതെ കുടിക്കാന്‍  ( പ്രാസത്തിനനുസരിച്ചു  പറയണമെങ്കില്‍ വാക്ക് വേറെയാണ് പക്ഷെ ..! )
കിട്ടിയാല്‍ , ആ സന്തോഷം  .. ഒരു സന്തോഷം തന്നെയാണ് ...!



കേര്‍ണല്‍ സാറിന്റെ അയല്പക്കക്കാരനായ ബാബുട്ടന്‍ ആണ് അടുത്ത കഥാപാത്രം ..!
ഞങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും  ഉണ്ടാവേണ്ടവനാണ് ..
പക്ഷെ വല്ലപ്പോഴും ഒന്ന് വന്നു പോകും ...!
അവിടുത്തെ വാടകയ്ക്ക് ഓടുന്ന മിനി - ബസ്സിന്റെ ഡ്രൈവര്‍ ,
കല്യാണ സീസണ്‍ കഴിഞ്ഞാലെന്താ , അത് കഴിഞ്ഞാല്‍ ശബരിമല സീസണ്‍ വരുമല്ലോ ...!
മുതിര്‍ന്നവരുടെ മുന്‍പില്‍ നല്ല " കുരുത്തം " ഉള്ള പയ്യന്‍ ...!
ഞങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കേര്‍ണലിന്റെ വീരകഥകള്‍ കേട്ടിരിക്കാനുള്ള വലിയ മനസ്സ് ..
സമ്മതിക്കണം ..! ഒരേ കഥ ആവര്‍ത്തിച്ചു ഇരുപത്തി നാലാമത്തെ വട്ടം പറയുമ്പോളും ...,
" സാറേ , ഇത് മുന്‍പ് പറഞ്ഞതല്ലേ ?"എന്ന് പോലും ചോദിക്കാതെ ,
ഒരു ലേറ്റസ്റ്റ് ഹിറ്റ്‌ ഗാനം ആവര്‍ത്തിച്ചു കേള്‍ക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ ഇരിക്കുന്ന ,
വിനയവും ലാളിത്യവും ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്തു ഉണ്ടാക്കിയ ഒരു അപൂര്‍വ്വ പ്രതിഭാസം ..!

നാട്ടിലെ പെണ്‍കുട്ടികളുടെ മനസ്സിലെ ഏക കാമുക സങ്കല്പം ...! വണ്‍   ആന്‍ഡ്‌  ഒണ്‍ലി  ബാബുട്ടന്‍ ...!

ടൂറിനു ഏത് വണ്ടി വിളിക്കണം എന്ന് കേര്‍ണലിന് ഒരു സംശയവും ഇല്ല ...!
ഡ്രൈവര്‍ ബാബുട്ടന്‍ അടക്കം പന്ത്രണ്ട് പേര് കേറിയാലും പിന്നെയും ഒരു കാര്‍ഗില്‍ യുദ്ധത്തിനുള്ള സ്ഥലം ബാക്കിയുണ്ടാകും ... !!

"ഭക്ഷണം , ഹോട്ടലില്‍ നിന്നു വേണ്ട ...! " കുടവയറുള്ള റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ വേലായുധന്‍ മാഷ്‌  ഈ അഭിപ്രായം പറഞ്ഞപ്പോള്‍ ,
മറ്റുള്ളവര്‍ മാത്രമല്ല ..ഒരു ഹോട്ടല്‍ ഭക്ഷണ പ്രേമിയായ ബാബുട്ടനും ഞെട്ടി ...!
" വേണ്ട , കേര്‍ണല്‍ .. വേണ്ട .. ക്രിസ്മസ് ആണ് വരുന്നത് .. ഒരു ദിവസത്തെ ടൂറിനു വേണ്ടി നമ്മുടെ ക്രിസ്മസ്  മൊത്തം കുളം ആക്കണോ ?"
വേലായുധന്‍ സാര്‍ ഈ ആശയം മുന്നോട്ടു വച്ചപ്പോള്‍ .. അധ്യാപകരുടെ വാക്കുകള്‍ക്ക് എന്നും വിലനല്കിയിരുന്ന ഞങ്ങളുടെ സമൂഹം ..( എന്താണാവോ , ഇപ്പോള്‍ ഇല്ല .. !! ) ഒടുവില്‍ ആ വാക്കുകള്‍ അംഗീകരിച്ചു ..!
ടൂറിനു പോകേണ്ട  ദിവസത്തിന് തലേദിവസം മെനു തയ്യാറാക്കി , സാധനങ്ങള്‍ വാങ്ങി , ഗ്യാസ് അടുപ്പും കുറ്റിയും കൊണ്ട് വന്നു പാചകം തുടങ്ങി  ...!
വെജിറ്റെറിയനും നോണ്‍-വെജിറ്റെറിയനും ..! രാത്രി കോഴികളുടെ നിലവിളി കേട്ട്  , ' നട്ടും ബോള്‍ട്ടും ' പ്രതീക്ഷിച്ചു പോയഞങ്ങള്‍ നാലംഗ സംഘത്തെ അവര്‍ മൈന്‍ഡ്  ചെയ്യാന്‍ പോലും മനസ്സു കാണിക്കാത്തതില്‍ പ്രതിഷേധിച്ചു ഞങ്ങള്‍ വാക്ക് ഔട്ട്‌ നടത്താന്‍
ഒരുങ്ങിയപ്പോള്‍ , ആ കാഴ്ച കണ്ട് ഞെട്ടി ..!

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ...! പിന്നെ തോരന്‍ , അച്ചാറ് തുടങ്ങിയവ ഒരു വശത്തും ...
 മറുവശത്ത് നാടന്‍ കോഴിക്കറി , പാചകക്കാരന്‍ സുരേഷ് ചേട്ടന്റെ സ്പെഷ്യല്‍ ചില്ലി പോര്‍ക്ക് , മീന്‍ വറുത്തത്‌ എന്നിവയും ...!

" അതെന്താ .. പായസവും ഉണ്ടോ സുരേഷേട്ടാ ..?" എന്റെ കൂട്ടുകാരന്‍ സിന്റോ മോനാണ് ...!
" നിന്റെ കരിനാക്ക് വളക്കാതെ സിന്റപ്പാ ,ഇത്  ഇസ്റ്റു ..! തേങ്ങാ പാലില്‍ ഉരുളന്‍ കിഴങ്ങ് ഇട്ടു ...." സുരേഷേട്ടന്‍  അതിന്റെ മഹിമയെ കുറിച്ച് വാചാലനായി ..!
" ഇത് ഞാന്‍ പറഞ്ഞിട്ടാ ...!" വേലായുധന്‍ മാഷ്‌ കുടവയര്‍ തിരുമ്മി ക്രെഡിറ്റ്‌ ഏറ്റെടുത്തു ...
" മാഷേ , അധികം ഇളക്കരുത് ..!!!"
"എന്തോ ...? " മാഷിന്റെ കണ്ണ് തള്ളി..." അല്ലാ ...മാഷേ , ഇത്  നാളെ അധികം ഇളക്കരുത്  .. ട്ടോ ...? " സുരേഷേട്ടന്റെ വാര്‍ണിംഗ് ..
" നീ പോടാ ... എന്നെ നീ പഠിപ്പിക്കേണ്ടാ ... !!"  മാഷുടെ കണ്ണ് ചുവന്നിട്ടുണ്ട് .. ഒരു ചെറുത്‌ വിട്ടിട്ടുണ്ട് ...!
" അതെയതെ , ഹും  മാഷുമാരോടാണോടാ ...   ആണോടാ നിന്റെ കളി .. ഹും  ...!" കേര്‍ണല്‍ അങ്ങനെയാണ് പറയാന്‍ ഉദ്ദേശിച്ചത് ..
അതിനിടയില്‍ എപ്പോഴോ " മുസാഫിര്‍ ..ഒ .. യാരോ ..., യാരാരോ ..യാരി രാരോ ...!" വന്നു ..
"തെക്കേ മലയിലെ പാറയില്‍ , ചിരട്ട ഉരച്ചാപോലെ  ലേ ..!"  ഉല്‍പ്രേക്ഷ ആയാലും ഉപമ ആയാലും
 തീരെ പുതുമയില്ലാത്ത സിന്റോ മോന്റെ ഡയലോഗ്  കേട്ട്  എന്റെ മനസ്സു അന്ന് രാത്രി ഒരു ഉരുള്‍പൊട്ടല്‍ പ്രതീക്ഷിച്ചു ...!
പക്ഷെ സിന്റോ മോന്റെ നാവിന്‍ ശൌര്യം പണ്ടേ  പോലെയില്ല ..!
അത് കൊണ്ട് പിറ്റേ ദിവസം അവര്‍ക്ക് ടൂര്‍ പോകാനുള്ള ഭാഗ്യം ഉണ്ടായി ..!

" സിന്റോ മോനേ , ഒരു പത്തിരുപതു വര്‍ഷം കഴിയട്ടെ ... നമുക്കും ഇതുപോലെ ... "
" പുണ്യം ചെയ്യണം ... ! ആഹ് ...! " പഴയ തലമുറയെയും അവരുടെ കൂടെ  പോകുന്ന  ബാബുട്ടനെയും ഓര്‍ത്തു ഞങ്ങള്‍  അസൂയ പൂണ്ടു ..

 " ബാബുട്ടാ ....!!! "

ബാബുട്ടന്‍ അങ്ങനെയാ , ഏഴിന് വരാന്‍ പറഞ്ഞാല്‍ ആറരക്കു വരും ..!
ടൂര്‍ ദിനം രാവിലെ എണീക്കുമ്പോള്‍ അവന്റെ അഹങ്കാരത്തിന്റെ  എയര്‍ഹോണ്‍ മുഴങ്ങുന്നുണ്ടായിരുന്നു ...
ഞാന്‍ പല്ല് തേക്കണ നേരത്ത് , നിരാശയുള്ള മുഖഭാവവുമായി  പാലും കൊണ്ട് സൈക്കിളില്‍ സിന്റോ എന്റെ അരികിലെത്തി .
അവന്‍ നേരെ തന്നെ നോക്കി നില്‍ക്കുന്നു ... ഒരു രണ്ട് മിനിറ്റ് ഒന്നും മിണ്ടാതെ ...
" ദിപ്പോ , അവര്  ഹൈ വേയില്  എത്തിട്ടുണ്ടാകും .. ല്ലേ ..? അവന്‍ നിരാശന്‍ ആണ് .
"നമ്മള് ആശിച്ചിട്ടും മോഹിച്ചിട്ടും എന്താ കാര്യം  ന്റെ  സിന്റപ്പാ ....? "  ഞാനും നിരാശന്‍ ആണ് ..
" ദൈവമേ .... ഒന്നും വരുത്തല്ലേ ...? !! "
സിന്റോ മോന്‍ അത് പറഞ്ഞതും , എന്റെ ഉള്ളൊന്നു കത്തി ...ടൂര്‍ പോയവര്‍ നാട്ടിലെ പ്രമുഖരായ പതിനൊന്നു പേര്‍ . കൂടെ ഞങ്ങളുടെ ബാബൂട്ടനും ... !!

*******    *********     *********

ടൂര്‍ പോയി വന്നതിന്റെ പിറ്റേ ദിവസം , പഴയ തലമുറയുടെയും ബാബുട്ടന്റെയും ഭാഗ്യത്തെ കുറിച്ചും  പറയുന്നതിനിടയില്‍ ബാബുട്ടന്‍ വന്നു , അവനു നല്ല ഉറക്കക്ഷീണം ...
" അടിപൊളിയായോടാ ...?"
അവന്‍ ഒന്നും മിണ്ടിയില്ല , വിഷണ്ണനായി ഞങ്ങളുടെ അരികില്‍ ഇരുന്നു അവന്‍ ടൂര്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങും മുന്‍പ് ...
കേര്‍ണല്‍ വന്നു ...!
എന്താണാവോ അവന്‍ എണീറ്റില്ല ... ഞാന്‍ പിന്നെ  പണ്ടേ എണീക്കാറില്ല ..!!
ഞാന്‍ ഉണ്ടെങ്കില്‍ കേര്‍ണല്‍ ആ സൈഡിലേക്ക് പോലും നോക്കാറില്ലല്ലോ ...

പക്ഷെ ബാബുട്ടനെന്താ , മൂന്നാറ് വച്ച് കണ്ട പരിചയം പോലുമില്ലല്ലോ ...!!
" ഇന്നാ .. പറഞ്ഞ വാടക ..." കേര്‍ണല്‍ പറഞ്ഞു ...
"ഓ വാടക കൊടുക്കാന്‍ വന്നതാ ...അതാണ്‌  " എന്റെ മനസ്സു പറഞ്ഞു ..
ബാബുട്ടന്‍  കേര്‍ണലിന്റെ മുഖത്ത് പോലും നോക്കാതെ കാശ് വാങ്ങി കീശയില്‍ ഇട്ടു , താഴെ നോക്കി നിന്നു ..
" ഇത് കൂടി പിടിച്ചോ .. അയ്യായിരമുണ്ട് ...!" വീണ്ടും കേര്‍ണല്‍ ..
" പടച്ചോനെ , ബാബുട്ടാ നിന്റെ ടൈം ബെസ്റ്റ് ടൈം ..!" എന്റെ മനസ്സു പറഞ്ഞു ..
" ഇനീം വേണേല്‍ പറയണം ട്ടോ ..! " കേര്‍ണലിന്റെ അവസാന വാക്കുകള്‍ കേട്ടപ്പോള്‍ ബാബുട്ടന്‍ തലയാട്ടി ..

പക്ഷെ , ഇത്രേം കിട്ടിയിട്ടും അവന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലല്ലോ ...!!
" വണ്ടി ഒക്കെ കഴുകിയില്ലേ ബാബുട്ടാ ...!!" കേര്‍ണല്‍ സാര്‍ അത് പറഞ്ഞതും  അവന്‍  പുള്ളിക്കാരനെ രൂക്ഷമായി ഒന്ന് നോക്കി ... അപ്പോള്‍ തന്നെ ഒന്നും മിണ്ടാതെ കേര്‍ണല്‍ അവിടെ നിന്നു നടന്നു ... !

" സത്യത്തില്‍ എന്താണ് ബാബുട്ടാ ..സംഭവിച്ചത്  ? "


ഇനിയാണ് സംവിധായകന്‍ ലാല്‍  സ്റ്റൈല്‍  " പ്ലേ & റീ പ്ലേ ..!!"

ബാബുട്ടന്‍ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു ....

കഴിഞ്ഞ ദിവസം കൃത്യ സമയത്തിന് പത്ത് മിനിറ്റ് മുന്‍പേ .. അവര്‍ ടൂറിനു പുറപ്പെട്ടു ..
അതിലും അര മണിക്കൂര്‍ മുന്‍പേ അവയ്ക്ക് പുറപ്പെടാമായിരുന്നു ..!!
ആദ്യം ബാബുട്ടന്റെ ഡോള്‍ബി സെറ്റില്‍ ഒരു ഭക്തി ഗാനം " ഡാഡി .. മമ്മി ...!"
അത് കഴിയും മുന്‍പേ കേര്‍ണല്‍ സാര്‍ കൊടുത്ത ഓള്‍ഡ്‌ ഹിന്ദി പാട്ടുകളുടെ സി .ഡി .കളക്ഷന്‍ ബാബുട്ടന്റെ കയ്യില്‍ കൊടുത്തു ..!

"ജീനാ യഹാം .. മര്‍ണാ ..."  പാട്ട് തുടങ്ങിയതും  കേര്‍ണല്‍ സാര്‍ നൃത്തം തുടങ്ങി .. കേര്‍ണലിനു അങ്ങനെ ഇന്ന പാട്ട് എന്നൊന്നുമില്ല ...!
മൂന്ന് പാട്ട് കഴിഞ്ഞില്ല , വേലായുധന്‍ മാഷ്‌ കെറ്റിലില്‍ നിന്നു ചായ എടുത്തു ..
അങ്ങനെ യാത്ര തുടര്‍ന്നു , കൃത്യമായ ഇടവേളകളില്‍ കുപ്പി പൊട്ടി , ഭക്ഷണം കഴിച്ചു , സി .ഡി മാറ്റി ...
ചിലപ്പോള്‍ അര മണിക്കൂര്‍ വണ്ടി ഒതുക്കി കാഴ്ചകള്‍ , പിന്നെയും ഭക്ഷണം ..!

കാണുന്നത് മൂന്നാറാണോ , പറമ്പിക്കുളമാണോ അതോ കാശ്മീര്‍ ആണോ ...! ആര്‍ക്കറിയാം ..
നീലക്കുറിഞ്ഞി പൂത്താലെന്താ .. പൂത്തില്ലെങ്കിലെന്താ ...?
കാണുന്നത് വരയുള്ള ആടായാലെന്താ , വരയില്ലാത്ത ആടായാലെന്താ ... ?
അവര്‍ ആടി ആടി വീണ്ടും മിനി ബസ്സിലേക്ക് ...
" മണി നാലായി , പോകേണ്ടേ ...?" എന്ന് ചോദിച്ച ബാബുട്ടനു നേരെ കേര്‍ണല്‍ എടുത്തത്‌ തോക്കല്ല ..
പക്ഷെ ഒരു വാളായിരുന്നു ...!!

അതിനിടയില്‍ , ഉച്ചഭക്ഷണം കഴിച്ചപ്പോഴാണോ അതോ രാവിലെ  വെള്ളപ്പം കഴിച്ചപ്പോഴാണോ എന്നറിയില്ല ,
വേലായുധന്‍ മാഷുടെ പ്രത്യേക താല്പര്യ പ്രകാരം ഉണ്ടാക്കിയ  തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കിയ " ഇസ്റ്റു " കറി
വണ്ടിയില്‍ ഇരുന്നു പാത്രം ഇളകിയതു കൊണ്ടോ , ഇടക്കിടക്ക് അവര്‍ ഭക്ഷണം എടുത്തു കഴിച്ചത് കൊണ്ടോ  , ആ കറിക്ക് ഒരു ടേസ്റ്റ് വ്യത്യാസം നമ്മുടെ ബാബുട്ടനു തോന്നിയിരുന്നു ...! അതുകൊണ്ട്  പിന്നെ അവന്‍ അത് കഴിച്ചില്ല ..!

പക്ഷെ മിലിട്ടറി ക്വാട്ടയോടൊപ്പം എന്ത് കഴിച്ചാലും അതിനു പ്രത്യേക  ടേസ്റ്റ് ആണല്ലോ ??

മൂന്നാറ് നിന്നു വണ്ടി പുറപ്പെടും നേരത്ത് , വേലായുധന്‍ മാഷുക്ക് വയറില്‍ ഒരു പെരുപെരുപ്പ് ..!
" എനിക്കും ഉണ്ടല്ലോ  മാഷേ വയറിനു ഒരു പ്രശ്നം ...!" കേര്‍ണല്‍ ആണ്
ബാബുട്ടന്‍ വണ്ടി സൈഡിലേക്ക്  ഒതുക്കി   ..
കുളിര്‍ തെന്നല്‍ ഒഴുകിയെത്തുന്ന മൂന്നാറിന്‍ താഴ്വാരത്തെ വഴിയോരത്ത് 'മൈല്‍ ' കുറ്റികളെ പോലെ അവര്‍ നിരന്നിരുന്നു ..
" ആ റോഡ്‌ സൈഡില്‍ നിന്നു അല്പം ഉള്ളിലേക്ക് കടന്നു ഇരിക്കാമായിരുന്നു ...!" ബാബുട്ടനാണ് .
" അതിനു പറ്റണ്ടേ , എന്റെ ബാബുട്ടാ .....!"
ഒരു വിധം എല്ലാരേയും വീണ്ടും മിനി ബസ്സില്‍ പിടിച്ചു കയറ്റുമ്പോള്‍ എല്ലാരും അവശരായിരുന്നു ...!

വണ്ടി പുറപ്പെട്ടു ...
" ബാബൂട്ടാ , ദേ ഈ വര്‍ക്കി ചേട്ടന്‍ ബസ്സില് ... !!" ആരോ വിളിച്ചു പറഞ്ഞു  ..
ബാബുട്ടന്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു വണ്ടി നിര്‍ത്തി ...
" വര്‍ക്കിച്ചന്‍ മാത്രല്ല ബാബുട്ടാ ...!" അത് പറയുമ്പോള്‍ ക്യാപ്ടന്‍  രാജുവിന്റെ മുഖം പോലെ ഉണ്ടായിരുന്ന കെര്‍ണലിന്റെ  മുഖം ഇന്നസന്റിനെ പോലെയായി .. എന്തൊരു നിഷ്കളങ്കത ...!
" വീണിതല്ലോ കിടക്കുന്നു ബസ്സിനുള്ളില്‍ ............... അണിഞ്ഞല്ലോ ശിവ ..ശിവ ...!
 ( ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്  , ഇവിടെ ശോണിതം അല്ല ഉത്തരം ..!)

രാവിലെ സെറ്റ് അപ്പ് ആക്കി , തേച്ചു വടി പോലെ യാക്കി ഉടുത്തു കൊണ്ടുവന്ന  ഷര്‍ട്ടും പോളിസ്ടര്‍ മുണ്ടുകളും നിറം മാറി  സീറ്റുകളില്‍ അലസമായി കിടക്കുന്നു .. അതിന്റെ ഉടമകള്‍ വടി പോലെ കിടക്കുന്നു ..
അവയ്ക്ക് കൂട്ടിനായി , വെറും കാഴ്ചയ്ക്ക് വേണ്ടി മാത്രമായി മഞ്ഞ നിറം പൂണ്ടു കോട്ടന്‍ കളസങ്ങളും ..!

" നമ്മുടെ ബാബൂട്ടന്‍  വണ്ടി നിര്‍ത്തിയതല്ലേ ,
ഒന്ന് ഇറങ്ങി റോഡിന്റെ സൈഡില്‍ ഒന്ന് കൂടി ഇരിക്കാം.. അല്ലേ ? "
പറഞ്ഞത് ബാബുട്ടന്റെ ബന്ധു കൂടിയായ സുരേന്ദ്രന്‍ സാര്‍ ആണ് ...!
" ഇനി ഇറങ്ങിയിട്ടെന്തിനാ ...പാപ്പാ ...?? " എന്ന ഭാവം ബാബുട്ടന് ... എങ്കിലും അവന്റെ കൈ പിടിച്ചു സുരേന്ദ്രന്‍ സാര്‍ ഇറങ്ങി ..

വണ്ടിയുടെ ലെഫ്റ്റ്  ഫ്രന്റ്‌ ടയറില്‍  പിടിച്ചു  ഇരുന്നപ്പോള്‍ ,
" എയര്‍ കളയല്ലേ പാപ്പാ ...? " എന്ന് ബാബുട്ടന്‍ ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു .

അപ്പോഴാണ്‌ , ചീറി പാഞ്ഞു ഒരു പോലീസ് ജീപ്പ് വന്നു നിന്നത് ...
അടിമാലി പോലീസ് ആയിരുന്നു . പക്ഷെ ഭാഷ കൊടുങ്ങലൂര്‍ ആയിരുന്നു ..
ഇടയ്ക്കിടയ്ക്ക് വണ്ടി നിര്‍ത്തുന്നത് കണ്ട് ആരോ ഫോണ്‍ ചെയ്തു അറിയിച്ചതാണത്രേ ..!
ബസ്സിലേക്ക് ചാടി കയറിയ എസ്‌ .ഐ . സാറാണോ  സി .ഐ . സാറാണോ എന്നറിയില്ല ,
ആ കാഴ്ച കണ്ട് ഞെട്ടി പോയി .. ! എത്രയെത്ര ചീഞ്ഞു നാറിയ ശവങ്ങള്‍ക്ക്‌ കാവലിരുന്ന ആളായിരിക്കും ..
പക്ഷെ ...!
രണ്ട് സെക്കന്റിനുള്ളില്‍  ബൂമറാങ്ങ്  പോലെ തിരിച്ചു വന്നു .. !!

പോലീസ് എസ്ക്കോര്‍ട്ടില്‍ ഏതോ ഒരു പ്രൈമറി  ഹെല്‍ത്ത്‌ സെന്ററിലേക്ക് ...
ബാബുട്ടന്റെ ഏഴെട്ട്‌  വര്‍ഷത്തെ ഡ്രൈവിംഗ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിവസം അങ്ങനെ കൊഴിഞ്ഞു വീണു ..
പാതിരാത്രി നാഷണല്‍ ഹൈവേയിലൂടെ ബാബുട്ടന്റെ രഥം ചീറി പാഞ്ഞു പോകുമ്പോള്‍
പിന്നില്‍ പല തരത്തിലുള്ള അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു ...
അതില്‍ നിന്നു രക്ഷ നേടാന്‍ ബാബുട്ടന്‍ ആ സെറ്റ് ഒന്ന് ഓണ്‍ ചെയ്തു ...!
" ചല്‍ ത്തെ .. ചല്‍ത്തേ ..... !"
" നിര്‍ത്തടാ .. അവന്റെ ഒരു ... &* #$ * $ % % & *... "
ഏതായാലും കേര്‍ണല്‍ സാറല്ല ....!!

വെളുപ്പിന് നാല് മണിക്ക്  യംഗ് മെന്‍സ് അസോസിയേഷന്‍  ഓഫീസിലേക്ക്  അവരെ ഓരോരുത്തരെയും കൈപിടിച്ച് കൊണ്ട് ചെന്നാക്കി ,
ബാഗുകളും പാത്രങ്ങളും എല്ലാം ഒറ്റയ്ക്ക് ഇറക്കി വച്ച് കഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ " കൌസല്യ .. സുപ്രഭാതം ..." കേള്‍ക്കുന്നുണ്ടായിരുന്നു ...

കലങ്ങിയ കണ്ണുമായി ബാബുട്ടന്‍ ഈ സംഭവ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ ...
അവന്‍ പെട്ടന്ന് പൊട്ടി കരഞ്ഞു പോയി ... !
ഒരു കൊച്ചു കുട്ടിയെ പോലെ .. ഉച്ചത്തില്‍ .. തേങ്ങി കൊണ്ട് ...
ഒരുമിച്ചു കളിച്ച്‌ വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ .. !! ഞങ്ങളുടെ എല്ലാ ചിരിയും തമാശയും അപ്പോഴേക്കും അസ്തമിച്ചിരുന്നു .. !
ഞാന്‍ ആരും കാണാതെ എന്റെ കണ്ണ് തുടച്ചു ...
ദേ .. സിന്റോ മോന്റെയും കണ്ണ് നിറഞ്ഞിരിക്കുന്നു ...

" ഇന്ന് വൈകീട്ട് ഒരു ശബരിമല ഓട്ടം ഉണ്ടായിരുന്നതാ ... ഞാന്‍ പോയില്ല , വേറെ ഒരുത്തനെ വിട്ടു..!"  ബാബുട്ടന്‍ കരഞ്ഞു കൊണ്ട് തുടര്‍ന്നു ....
" നീ ഇപ്പൊ എങ്ങോട്ടാ ...? " സിന്റോ മോന്റെ  മുഖവും വല്ലാതായിരിക്കുന്നു ...
" കടേല്  പോണം , വണ്ടി ഒന്ന് കൂടി സര്‍ഫ് ഇട്ടു കഴുകണം .. രണ്ട് കുപ്പി ഡെറ്റോള്‍ കൂടി  വാങ്ങണം .."

" മോനേ ബാബുട്ടാ .. നിന്റെ സമയം അത്ര നല്ലതല്ല .....!"
സിന്റോ മോന്‍ അത് പറഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ ദാ വീണ്ടും ഒരു കത്തല് ...!!


*********          *********

Friday, December 16, 2011

' ദേവദാസി ' എന്നൊരു പടം .... !!



അങ്ങനെ കോളേജ് ഇലക്ഷന്‍ ഒക്കെ കഴിഞ്ഞു ... ആരവങ്ങളും ...!!
അത് കഴിഞ്ഞാല്‍ കഴിഞ്ഞല്ലോ എന്ന് കരുതി ... പക്ഷെ കഴിയുന്നില്ലല്ലോ ...!
നവംബര്‍ അവസാനമായിരുന്നു ഇലക്ഷന്‍ ..,
ഇനി ആകെയുള്ളത് 2 മാസം , ഫെബ്രുവരിയില്‍ കൊന്ന പൂക്കും ...!!
എല്ലാം അവസാനിക്കും ..!
അതിനിടയില്‍ ക്രിസ്മസ് ..! ക്രിസ്മസ് പരീക്ഷ ...,
പരീക്ഷ വേണ്ടെന്നു വയ്ക്കാം .. പക്ഷെ ക്രിസ്മസ് വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ലല്ലോ ...!

ഇലക്ഷന് മുന്‍പ് എത്ര സമരം ആയിരുന്നു ...!
കുറെ നാളായി ഒരു സമരം ഉണ്ടായിട്ട് , അല്ലേ ചെയര്‍മാനെ ...!
അവിടെയിവിടെയൊക്കെയിരുന്നു പ്രീഡിഗ്രീക്കാര്‍ പരിഭവം പറഞ്ഞു ...!
എന്നാല്‍ , സമരം ഡിഗ്രീക്കാര്‍ക്ക് വേണ്ട ..! പഠിക്കണം എന്ന ആഗ്രഹമുണ്ടായിട്ടൊന്നുമല്ല ..
സമരം ആയാല്‍ പെണ്‍കുട്ടികള്‍ ഉടന്‍ വീട്ടില്‍ പോകും ..
അതിലും ഭേദം ഫുള്‍ ടൈം ക്ലാസ്സ്‌ ഉണ്ടാകുന്നതാണ് ..
ഒരു മൂന്നര വരെ അവര്‍ ക്യാമ്പസില്‍ ഉണ്ടാവൂല്ലോ ..!
സൊ .. സമരം വേണ്ട ..!


അന്ന് വെള്ളിയാഴ്ച ..
രാവിലെ ഹോസ്റ്റലില്‍ നിന്നു കടയില്‍ ഫോണ്‍ ചെയ്യാന്‍ പോയ,
ഹോസ്റ്റലിലെ എന്റെ അടുത്ത മുറിയില്‍ താമസിക്കുന്നവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേട്ടാണ്
ഞാന്‍ ഉണര്‍ന്നത് ...
" ഡാ .. നമ്മുടെ ' മാസി 'ല്‍ ഇന്ന് ' ദേവദാസി ' എന്നൊരു പടം റിലീസ് ...!
പോസ്റ്റര്‍ കാണണം മോനേ ...!, മലയാളാ ... !!!"
ഞാന്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ആളുകളും അന്ന് വൈകീട്ട് വീട്ടില്‍ പോകാന്‍ ഇരിക്കുന്നു ...ഇനി രണ്ട് ദിവസം അവധി ..!

"ചതിച്ചല്ലോ ..! , തിങ്കള് വരെ വെയിറ്റ് ചെയ്യെ ..? .. നോ ..നോ ... , അപ്പൊ ഇന്ന് സമരം ..!"
ആരോ സ്വയം അതങ്ങ് ഡിക്ലയര്‍ ചെയ്തത് ഞാന്‍ കിടക്കപ്പായയില്‍ കിടന്ന്‌ കേട്ടു.

എണീറ്റ്‌ കുളിച്ച് , തേച്ചു വടിയാക്കി വച്ചിരുന്ന വെള്ള ഷര്‍ട്ടും മുണ്ടും ഉടുത്ത് ..
ഒരു നുള്ള് പൌഡര്‍ എടുത്ത് വെളുത്ത ഒരു കുറിയും വരച്ചു ഹോസ്റ്റലിന്റെ സൈഡിലൂടെ കോളേജിന്റെ മുറ്റത്തേക്ക് കാലെടുത്തു വച്ചില്ല ..രാവിലത്തെ ഓട്ടം കഴിഞ്ഞു തിരുച്ചു വരുന്നുണ്ടായിരുന്ന ബി.പി .ഈ.ക്കു പഠിക്കുന്ന പെണ്‍കുട്ടികള് ചോദിച്ചു ..
" ചേട്ടാ .. ഇന്ന് സമരാ ... ? "
"നോക്കട്ടെ , പത്രത്തിലുണ്ടോന്ന് ...?" ഞാന്‍ മറുപടി പറഞ്ഞു ..
" അല്ല ... ഞങ്ങടെ സീനിയേര്‍സ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ പറയുന്നുണ്ടായിരുന്നു ...!"
അതും പറഞ്ഞ്‌ ആ ഫിസിക്കല്‍ എജുക്കേഷന്‍ കുട്ടികള്‍ തിരിച്ചു സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് ...


എന്റെ കയ്യിലെ ഏക നോട്ട് ബുക്ക്‌ ക്ലാസ്സില്‍ ഒന്ന് എത്തിച്ചു എന്റെ സാന്നിധ്യം ക്ലാസ്സില്‍ അറിയിക്കുന്ന ഒരു ചടങ്ങ് ഉണ്ട് ... !
അതിനായി , വരാന്തയിലൂടെ ക്ലാസ്സ്‌ മുറിയിലേക്ക് പോകുമ്പോള്‍ ഒരു അമ്പതു പേരെങ്കിലും എന്നോട് ചോദിച്ചു ..
" ഇന്ന് സമരാ ലേ ...? "


ദാ .. പ്രീ ഡിഗ്രി കാര് വരുന്നു ...! ,
" മെമ്മോ കൊടുത്താ .. പ്രവീണ്‍ ചേട്ടാ ..."
" ഈ നിലക്ക് പോയാല്‍ പ്രിന്‍സിപ്പല്‍ ഒരു മെമ്മോ എനിക്ക് തരും ...!!"
അതിനിടയില്‍ , യൂണിറ്റ് പ്രസിഡന്റും സ്കൂള്‍ കാലം തൊട്ടേ എന്റെ സുഹൃത്തുമായ അരുണ്‍ വന്നു ..
യൂണിയന്‍ ഭാരവാഹികളായ ഷെജിന്‍ , ജോജോ , ഡെല്‍ജോ , ഷിബു, അക്കിഫ് എന്നിവര്‍ കൂടെയുണ്ട് ...!

" ഇന്ന് സമരമാണോ പ്രവീണേ ...! "
" ആ.. അറിയില്ല .. എല്ലാരും പറയുന്നുണ്ട് , പത്രത്തില്‍ ഒന്നും കണ്ടില്ല ...!
ആഹ്വാനം വല്ലതും ഉണ്ടോ ജോജോ ..??"
" ഏയ് ...!! " ജോജോ പറഞ്ഞ്‌ തീര്‍ന്നില്ല ...
ഡിന്റോ ആണോ റെനീഷ് ആണോ എന്നറിയില്ല , ആരോ ഒരാള്‍
പോക്കറ്റില്‍ നിന്ന് ഒരു ' പാസ്‌ പോര്‍ട്ട്‌ സൈസ് ഫോട്ടോ' സൈസിലുള്ള
ഒരു പത്രക്കഷ്ണം എന്റെ നേരെ നീട്ടി ...

" പ്രവീണ്‍ ചേട്ടന്‍ ഇതൊന്നു നോക്കിയേ ...? "
എന്റെ ഇടതു ഉള്ളംകയ്യില്‍ വച്ച് ആ പത്രത്തിന്റെ തുണ്ട് എടുത്ത് ഉറക്കെ വായിച്ചു ..
" ....... ജില്ലയില്‍ ഇന്ന് പഠിപ്പ് മുടക്കും , വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു
പഠിപ്പ് മുടക്കുമെന്നു ജില്ലാ പ്രസിഡണ്ട്‌ ..."

" കണ്ടില്ലേ ..? കണ്ടില്ലേ ..? " പ്രീഡിഗ്രീക്കാര്‍ ആവേശഭരിതരായി ...
" ഡാ ,ഇത് ഇന്നത്തെ പേപ്പറാണോ .. ഏത് ജില്ലയാ ...!! " എന്റെ സംശയം തീര്‍ന്നില്ല ..
എന്റെ ചിരി കണ്ട് കൂടെയുള്ള ഒരുത്തന്‍ പറഞ്ഞു ..
" കണ്ടാ .. കോളേജ് ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഓരോരുത്തരുടെ സ്വഭാവം മാറുന്നത് കണ്ടാ ..
ചേട്ടാ ...ഇത് ശരിയല്ല ട്ടാ..."
ആ പയ്യന്‍ ആകെ സെന്റിമെന്റല്‍ ആകുന്നു ...
" ഞങ്ങള്‍ക്ക് ഒരു ആവശ്യം വരുമ്പോള്‍ ...!" അവന്‍ പിന്നെ എന്റെ നേരെ പോലും നോക്കാതെ ദേഷ്യത്തോടെ മുഖം തിരിച്ചു ...!!
" ഏയ് ..!" ഞാന്‍ അവന്റെ തോളില്‍ കയ്യിട്ടു ...
" വേണ്ട ..." അവന്‍ പിണങ്ങി ..

ആദ്യ ബെല്ലടിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഒരു ലെറ്റര്‍പാഡ് എടുത്ത് ,
അതില്‍ പഠിപ്പ് മുടക്കുവാനുള്ള കാരണവും എഴുതി
അവര്‍ തന്ന ' പേപ്പര്‍ കട്ട്‌ ' അതില്‍ പിന്‍ ചെയ്തു പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറി പോകുമ്പോഴേക്കും
താഴെ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു ...
പ്രിന്‍സിപ്പല്‍ ഞെട്ടി പോയി .. " എന്താ ഡാ ഇത് ...!"
"ഇന്ന് സമരാ ..ഫാദറെ .." കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ പടിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ..!


അഞ്ചു വര്‍ഷത്തെ എന്റെ കലാലയ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ജനക്കൂട്ടം ...!!!
ഇത്രക്കും വൈകാരികമായി വിദ്യാര്‍ഥികള്‍ സമരത്തെ കണ്ട ഒരു സാഹചര്യം അതിനു മുന്‍പ് ഉണ്ടായിട്ടില്ല ..
ഞങ്ങള്‍ വിദ്യാര്‍ഥി നേതാക്കളില്‍ നിന്നും അവര്‍ ആ സമരം ഏറ്റെടുത്തു ,
അവര്‍ തന്നെ അത് ഒരു ചരിത്രവിജയം ആക്കുന്നു ..
ഏതൊരു വിദ്യാര്‍ഥി നേതാവും പകച്ചു പോകുന്ന നിമിഷം ..

മീറ്റിങ്ങിനോ ഇലക്ഷണോ , എന്തിന് ഇതിനു മുന്‍പുണ്ടായിരുന്ന ഒരു സമരത്തിന്‌ പോലും
കാണാത്തവര്‍ ....ഈ സമരത്തിന്റെ മുന്‍പന്തിയില്‍ ...!!

" ഞങ്ങളിലുണ്ട് കെ .എസ്‌ .യു ... !
ഞങ്ങളിലുണ്ട് എസ്‌ .എഫ് .ഐ .... !
ഞങ്ങളിലുണ്ട് എ .ബി .വി .പി .... !
വിദ്യാര്‍ത്ഥിക്കൊരു പ്രശ്നം വന്നാല്‍ ..
ഞങ്ങളിലില്ല രാഷ്ട്രീയം ....!!!"
എന്നും രണ്ട് മണിക്കൂര്‍ കൊണ്ട് കാമ്പസ് മുഴുവന്‍ കറങ്ങിയാലും
തീരാത്ത സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി
ഒരു മണിക്കൂറിനുള്ളില്‍ കോളേജ് കറങ്ങി തുടങ്ങിയയിടത്ത് തന്നെ
മുദ്രാവാക്യം വിളിച്ചു അവസാനിപ്പിച്ചു അവര്‍ കൂട്ടത്തോടെ സിനിമയ്ക്ക് പോയി ...


വിജനമായ ക്യാമ്പസ്‌ ..! ചെമ്പകച്ചോട്ടില്‍ ആര്‍ക്കെയോ ഇരുന്ന് പുകയ്ക്കാറുണ്ട് ..
അവരെയും കാണാറില്ല ..! ഓഡിറ്റോറിയത്തിനരികിലൂടെ ചില പെണ്‍കുട്ടികള്‍ വരുന്നുണ്ട് ..
അവരെയൊക്കെ കാണുമ്പോള്‍ പഞ്ചാരയടിക്കാന്‍ വരാറുള്ള
സ്ഥിരം ഗ്ലാമര്‍ താരങ്ങള്‍ പോലും കോളേജില്‍ ഇല്ല ...!

ക്ലാസ്സില്‍ കൊണ്ട് വച്ച ആ ടൈറ്റാനിക് സുന്ദരിയുടെ പുറംചട്ടയുള്ള നോട്ട് ബുക്ക്‌ എടുത്ത്
വെറുതെ ഒന്ന് മറിച്ച് നോക്കി കൊണ്ട് ഞാന്‍ ആ പാതിമതിലില്‍ ..
ഒരു കിലോമീറ്റര്‍ അകലെ നിന്ന് വരുന്നുണ്ടെങ്കിലും ശബ്ദം കൊണ്ട് തിരിച്ചറിയാവുന്ന ..
എന്നാല്‍ കണ്ടാല്‍ ആരും അത്ഭുതത്തോടെ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു
മുന്‍പുള്ളതാനോ ആ വണ്ടി എന്ന്സംശയിച്ചു നമ്പര്‍ പ്ലേറ്റില്‍ നോക്കി പോകുന്ന ...
തന്റെ പഴയ സ്കൂട്ടറില്‍ ഗമയോടെ ചാരിയിരുന്നു ...

" അല്ല അരുണേ , ഇനി നമ്മളായിട്ട് എന്തിനാ ..പോകാതിരിക്കുന്നെ ..!?"
" എങ്ങോട്ട് ..? " അരുണിന് ഒന്നും മനസ്സിലായില്ല ..
" അല്ലാ .. ആ സിനിമയ്ക്ക് ...!!, ഇപ്പൊ ഹോസ്റ്റലില്‍ പോയാല്‍ ഒരുത്തനും ഉണ്ടാവില്ല ..,
കാന്റീനില്‍ ചെന്നാല്‍, വെള്ളിയാഴ്ച സമരം എടുത്തിട്ട് എന്തേ നേരത്തെ ഒന്നും പറയാഞ്ഞേ ,
രാവിലെയെങ്കിലും കണ്ടപ്പോള്‍ പറയാഞ്ഞില്ലേ , എന്ന കുട്ടപ്പന്റെ പരിഭവം കേള്‍ക്കാം ...
പൊറോട്ട ഫുള്‍ വേസ്റ്റ് ആയീനുള്ള വിഷമവും ... !"
" എന്നാലും ...! " അരുണിന് ധൈര്യം വരുന്നില്ലല്ലോ ..

" പിന്നെ സിനിമയ്ക്ക് പോയവര്‍ മിക്കവരും അഞ്ചു രൂപയുടെ തറയില്‍ ആയിരിക്കും , കാര്യം രാത്രി ഹോസ്റ്റലീനു പോകുമ്പോള്‍ ഞാനും അഞ്ചു രൂപയുടെ ടിക്കറ്റിലാണ് ഇരിക്കാറ് .. നമുക്ക് ഇന്ന് പത്തില് ഇരിക്കാം ...!!"
" സിനിമ ഭയങ്കര മസാലയാ ..! നീ പോസ്റ്റര്‍ കണ്ടില്ലേ ? " അരുണ്‍ അടുക്കുന്നില്ലല്ലോ ..
" അല്ലടാ .. വൈശാലി ടൈപ്പ് ക്ലാസ്സിക്‌ സാധനം ആയിരിക്കും ...!
പിന്നെ എനിക്ക് കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയായി ...! "
" അത് എനിക്കും ആയി ... എന്നാലും പിള്ളേര് കണ്ടാല്‍ ..!!?"
" കണ്ടാല്‍ എന്താ , നമ്മളും അവരെ പോലെ മനുഷ്യന്മാരല്ലേ ...?" ഞാന്‍ വീണ്ടും ധൈര്യം കൊടുത്തു ...
" പോണാ ....? " അരുണിന്റെ സംശയം തീരുന്നില്ലല്ലോ ....
" നിനക്കറിയോ , ' ദേവദാസി ' ഒരു സാമൂഹ്യ പ്രസക്തിയുള്ള സിനിമയായിരിക്കും ..!
നമ്മുടെ രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന ....."
"ശരി പോകാം ...!!" അരുണ്‍ വേഗം സമ്മതിച്ചു ...

" ഇപ്പൊ വേണ്ട ..! " അതും ഞാന്‍ തന്നെയാ പറഞ്ഞത്
" പിന്നെ ...!" ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ചെണീപ്പിച്ചിട്ട് എന്ന ഭാവം അരുണിന് ...
" ഒരു പത്ത് മിനിറ്റ് കൂടി കഴിയട്ടെ ... , ഇപ്പൊ വേണ്ട , പിള്ളേര് മുഴുവന്‍ തിയറ്ററിലേക്ക് ഒന്ന് കേറട്ടെ ..
പടം തുടങ്ങി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നമ്മള് കയറുന്നു ...പടം കാണുന്നു ..!"
'വാട്ട് ആന്‍ ഐഡിയ സര്‍ജി ! ' എന്ന് അന്ന് പറയാന്‍ ഐഡിയ പോയിട്ട്
ഒരു മൊബൈല്‍ ഫോണ്‍ പോലും ഞങ്ങളുടെ ആരുടേയും കയ്യില്‍ ഇല്ല ..!!

അരുണിന്റെ പഴയ സ്കൂട്ടറില്‍ ഞങ്ങള്‍ തിയറ്ററിലേക്ക് ...
" പതുക്കെ പോയാല്‍ മതി ...!" ഞാന്‍ പിന്നില്‍ നിന്ന് നിര്‍ദ്ദേശം കൊടുത്തു ..

എപ്പോഴും ആള് കാണാറുള്ള തിയറ്റര്‍വഴി അന്ന് ശൂന്യം ...!
അവിടെയെത്തിയിട്ടും ഒരു ആളെനക്കവും ഇല്ല .. സിനിമ തുടങ്ങിയിരിക്കുന്നു ...
പച്ച ഐഡന്റിറ്റി കാര്‍ഡിന്റെ ഉള്ളിലുള്ള ഇരുപതു രൂപ എടുത്ത് പതിവില്‍ നിന്നും
വ്യത്യസ്തമായി ഞാന്‍ കൊടുത്തു കൊണ്ട് പറഞ്ഞു ..
" രണ്ട് ഫസ്റ്റ് ...! " കാശ് വാങ്ങി അയാള്‍ പെട്ടിയിലിട്ടു .. ആ പെട്ടി നിറഞ്ഞു കിടക്കുന്നു ...
" ചേട്ടാ .. അറിയോ ,ആ പെട്ടി നിറയാനുള്ള കാരണക്കാര്‍ ആണ് ഞങ്ങള്‍ ..
ശരിക്കും ഞങ്ങളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങാന്‍ പാടില്ലാത്തതാണ് ..
പക്ഷെ , ഓ . സി . ഞങ്ങള്‍ക്ക് വേണ്ട ..!!" എന്റെ മനസ്സു പറഞ്ഞു ..

" പടം തുടങ്ങി ... വേഗം ചെല്ല് ..!!"
" താന്‍ വല്യ ഭാരിച്ച കാര്യം അന്വേഷിക്കേണ്ട .. കാശ് കൊടുത്തു ടിക്കറ്റ്‌ വാങ്ങിയ ഞങ്ങള്‍ക്കറിയാം ..!
വേഗം പോണോ പതുക്കെ പോണോ എന്നൊക്കെ .." എന്ന് കൂടി മനസ്സില്‍ പറഞ്ഞു ഞങ്ങള്‍
അല്പം കൂടി പതുക്കെ നടന്നു ..
വാതില്ക്കല്‍ നില്‍ക്കുന്ന അമ്മാവന്‍ ടിക്കറ്റ്‌ പകുതി കീറി ഞങ്ങള്‍ക്ക് തന്നു ...
വാതില്‍ തുറന്നു ...എങ്ങും നിശബ്ദത ...! കൂരാകൂരിരുട്ട്‌ ....!

ഞങ്ങള്‍ രണ്ട് പേരും 'ടോം ആന്‍ഡ്‌ ജെറി ' സിനിമയിലെന്ന പോലെ പതുങ്ങി മെല്ലെ അകത്തേക്ക് ...
വാതില്ക്കല്‍ വച്ച് ടിക്കറ്റ്‌ വാങ്ങിയ അമ്മാവന്‍ മര്യാദക്കാരനാ ... !!
ഞങ്ങള്‍ അകത്തേക്ക് കയറിയ ഉടന്‍ തിയറ്ററിനുള്ളിലെ ലൈറ്റ് ഇട്ടു ..!
സീറ്റ് കണ്ട് പിടിക്കാന്‍ സഹായിച്ചതാ .. അയാളുടെ ഒരു സഹായം @ ## $ *& & !!.
ഞങ്ങളുടെ വെള്ളകുപ്പായം ആ വെളിച്ചത്തില്‍ വെള്ളിത്തിരയേക്കാള്‍ മിന്നിത്തിളങ്ങി ...!

സമരം കാരണം ആദ്യ പത്ത് മിനിട്ടിനുള്ളില്‍ തന്നെ അഞ്ചു രൂപയുടെ
തറടിക്കറ്റ് മുഴുവനും വിറ്റ് കഴിഞ്ഞത് കൊണ്ട്
പിന്നെ എല്ലാരും പത്തിന്റെ ടിക്കറ്റ്‌ എടുത്തുവെത്രേ ....!
ആ വെളിച്ചത്തില്‍ സീറ്റ് അന്വേഷിക്കുന്ന ഞങ്ങളെ കണ്ട ഉടനെ പിറകില്‍ ഇരുന്നിരുന്ന
ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ...

" അഭിവാദ്യങ്ങള്‍ ... അഭിവാദ്യങ്ങള്‍ ..!!"
തിയറ്ററിലെ വിദ്യാര്‍ഥി സമൂഹം ഏറ്റു വിളിച്ചു ....
" അഭിവാദ്യങ്ങള്‍ ... അഭിവാദ്യങ്ങള്‍ ..!!"

വെള്ളിത്തിരയില്‍ നായികയെ എണ്ണപുരട്ടി തോഴിമാര്‍ കുളിപ്പിക്കുമ്പോള്‍ ....
വിദ്യാര്‍ഥി സമൂഹം ഒരേ സ്വരത്തില്‍ ഏറ്റു വിളിക്കുന്നുണ്ടായിരുന്നു ...

" സമര നേതാക്കള്‍ക്കഭിവാദ്യങ്ങള്‍ ...
നേരുന്നു .... ചാര്‍ത്തുന്നു ......!! "