Friday, October 21, 2011

പെണ്ണ് കാണലിലെ സച്ചിന്‍ - സെവാഗ് കൂട്ടുകെട്ട് ...!!
വിദേശത്ത് നിന്ന് പെണ്ണുകാണാന്‍ മാത്രമായെത്തിയ
അനൂപ്‌ എന്ന സുഹൃത്തിന്റെ പെണ്ണ് കാണല്‍ മഹാമഹത്തില്‍ ഞാനും ഭാഗമാകുന്നു ..

അതായത്
ഗീതോപദേശം നല്‍കി
സുഹൃത്ത് - കം - ഡ്രൈവര്‍ ( സാരഥി ) ആയി ഞാന്‍ ,
തേരിലെ കൊടിമരത്തിലെ ഗദാധാരിയായ ഹനുമാനെ പോലെ
( മുഖം മാത്രം ) ഞങ്ങള്‍ക്ക് കരുത്തുപകര്‍ന്നു
നമ്മുടെ ബ്രോക്കര്‍ നാരായണന്‍കുട്ടി .. !!

ഇനി എതിര്‍ പാളയം ...

അതാ വൃദ്ധരായ കൃപരും ദ്രോണരും ഭീഷ്മരും പിന്നെ കാലാവധി കഴിയാറായ ഗാന്ധാരി , ഗാന്ധാരിയുടെ അമ്മായി , വല്ല്യമ്മ ... എന്നീ ഐറ്റംസ്
നിറകണ്‍ പുഞ്ചിരിയോടെ കാത്തു നില്‍ക്കുന്നു ... ഇത് ഫസ്റ്റ് ഷോട്ട് ... !

അനൂപ്‌ കാറില്‍ നിന്ന് ഇറങ്ങി ആകാശത്തേക്ക് നോക്കി,

സൂര്യനെ നമിച്ച് ഗേറ്റ് തുറന്നു ഗ്രൌണ്ടിലെക്കിറങ്ങുന്നു ..
കാറില്‍ ഇരുന്ന ക്ഷീണം കൊണ്ടോ , അല്ലെങ്കില്‍ താന്‍ ഇപ്പോഴും ഫിറ്റ്‌ ആണെന്ന്
(ആ ഫിറ്റ്‌ അല്ല .. ഇത് ശരീരം ) ലോകരെ അറിയിക്കനാണോ എന്നറിയില്ല..


വലതു കൈ മുന്നോട്ട് കറക്കി , പിന്നെ കഴുത്തില്‍ കൈകള്‍
പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്നിളക്കി ( പണ്ടേ അവനു ഇളക്കം ഇത്തിരി കൂടുതലാണ് ) ഞെരിഞ്ഞമര്‍ന്നു വലതുകാല്‍ വച്ച് ... !!

ശരിക്കും ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യാന്‍ സച്ചിന്‍ ഇറങ്ങുന്നത് പോലെ ... ! കൂടെ ചെറിയ ഒരു ജോഗിംഗ് ഒക്കെ നടത്തി സെവാഗ് ആയ ഞാന്‍ ... അംപയര്‍ ആയി ഞങ്ങളുടെ കൂടെ ബ്രോക്കറും ...

" അനൂപേ ... ഈ വൃദ്ധ സദനത്തിലെക്കാണോ നിന്റെ പെണ്ണ് കാണല്‍ ...?
' ശ്ശ് ..ശ് .. ' എന്റെ ആശങ്ക പോലും അവനില്ലല്ലോ ...?
അവന്റെ വലിയ ഒരു മനസ്സ് ... !!

പെട്ടന്നായിരുന്നു ഇരു വശത്തേക്കും ഞാന്‍ അറിയാതെ
ഒന്ന് നോക്കി പോയത് ,
ഞാന്‍ പത്തു സെക്കന്റ്‌ വൈകി പോയല്ലോ ഈശ്വരാ ... !

രണ്ടു ആങ്കിളിലും ക്യാമറ വേണമല്ലോ ....!


അതായത് ആ തെക്ക് വശത്തെ മതിലിന്റെ അപ്പുറത്ത് , ചുരുക്കി പറഞ്ഞാല്‍ ഗാലറിയില്‍ പിന്നെയും ഒരുപാട് ആളുകള്‍ ...
അതും സ്ത്രീജനങ്ങള്‍ ....!! അയല്‍പക്കക്കാരാന് ..!
അതില്‍ ഒരു കൈകുഞ്ഞ് , പ്രൈമറി നിലവാരത്തിലുള്ള തൊപ്പി വച്ച
രണ്ടു ആണ്‍കുട്ടികള്‍ , അവരുടെ അമ്മമാര്‍ , ഈ അമ്മമാരുടെ അമ്മായി അമ്മമാര്‍ , മുത്തശ്ശി എന്നിവര്‍ ഓഫ്‌ സൈഡിലും....

തിരുവമ്പാടിയില്‍ ഇങ്ങനെ ആണെങ്കില്‍ ഒട്ടും മോശമല്ലാത്ത രീതിയില്‍
വടക്ക് വശത്തുള്ള മതിലിലായി പാറമേക്കാവുകാര്‍ ഞങ്ങളുടെ ലെഗ് സൈഡിലും നിരന്നു നിന്നു ...

ഗാലറിയില്‍ നിന്നാണോ മനസ്സില്‍ നിന്നാണോ .... ആരവങ്ങള്‍ ഉയരുന്നു ... !!
ഒരുമിച്ചു നടന്നു നീങ്ങുന്ന ഞങ്ങളുടെ സച്ചിന്‍ - സെവാഗ് കൂട്ടുകെട്ടിനെ നോക്കി മതിലിലിരിക്കുന്ന ആ തല തെറിച്ച പയ്യന്‍ ,

" കല്യാണ ചെക്കാ .........! " എന്ന് നീട്ടി ഉച്ചത്തിലൊരു വിളി ... !

അത് കേട്ട് ചിരിച്ച ചെറുപ്പക്കാരിയായ അയല്‍ക്കാരിയെ നോക്കി
" ഞാന്‍ അല്ല ലവന്‍ .... !! " എന്ന് ഞാന്‍ അനൂപിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്
കാണിച്ച ആംഗ്യം വല്ല നിയമസഭയിലുമായിരുന്നുവെങ്കില്‍ ഒരു
' വാക്ക് ഔട്ട്‌ 'നുള്ള കാരണം പ്രതിപക്ഷത്തിനു
സിമ്പിള്‍ ആയി കിട്ടിയേനെ ... !


വീട്ടിലേക്കു കയറിയിരുന്നു ..
നിരന്നു നില്‍ക്കുന്ന റിട്ടയറഡ് പ്രായം കഴിഞ്ഞ അച്ഛന്‍ , വല്ല്യച്ചന്‍ ,
മൂത്ത വല്ല്യച്ചന്‍ , ശകുനിയെ പോലെയുള്ള അമ്മാവന്‍ ,
പെണ്ണിന്റെ അമ്മയുടെ അച്ഛന്റെ അനുജന്‍ ..

എന്നിങ്ങനെ ആദ്യ റൌണ്ട് പരിചയപ്പെടല്‍ കഴിഞ്ഞപ്പോഴേക്കും പത്തു മിനിറ്റ് കഴിഞ്ഞു .. ഇനിയാണ് സീരിയല്‍ ജനങ്ങള്‍ .. അല്ല സ്ത്രീ ജനങ്ങള്‍ ..!!

അവര്‍ക്ക് ഇത്ര ബന്ധു ജന ബലം ഉണ്ടാകാനുള്ള കാരണക്കാരന്‍ വരെ താനാണെന്ന ഭാവത്തില്‍ ബ്രോക്കര്‍ നാരായണന്‍ കുട്ടി മേശപ്പുറത്ത് വച്ചിരുന്ന
പ്ലേറ്റിലെ ലഡുവിന്റെ മുകളില്‍ കൈവച്ചു ...!

" ടിങ്കൂ ..... " എന്നാണോ " പിങ്കി ...." എന്നാണോ
വിളിച്ചത് എന്നെനിക്കു ഓര്‍മ്മയില്ല .. !!

പെണ്ണിന്റെ അച്ഛന്‍ ആരെയോ നീട്ടി വിളിച്ചു ....

ഒരു അല്‍സേഷന്‍ പട്ടിക്കുട്ടി ഓടി വരും എന്നാണു ഞാന്‍ പ്രതീക്ഷിച്ചത് ...

പക്ഷെ , എന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റിച്ചു കൊണ്ട് ..
വെളുത്ത ചുരിദാറിട്ട ഒരു സുന്ദരി
' റെഡിമൈഡ് ' പുഞ്ചിരിയോടെ വാതില്‍ക്കലെത്തി ...

" അനൂപേ , ഇതാണെടാ പെണ്ണ് ...!
ഇതാകണമെടാ നിന്റെ പെണ്ണ് ...! " മനസ്സ് പറഞ്ഞു ..

ആ പെണ്‍കുട്ടി എന്നെയും അനൂപിനെയും ടെന്നിസ് കളിയിലെ റഫറിയെ പോലെ മാറി മാറി നോക്കി ...
ബ്രോക്കര്‍ മൂന്നാമത്തെ ലഡ്ഡു എടുത്തു ...
" അതാണ്‌ ചെറുക്കന്‍ .. !! " അവിടെയുണ്ടായിരുന്ന
താടിവച്ച ശകുനിഅമ്മാവന്‍ പെണ്ണിനോട് പറഞ്ഞു ..

അനൂപിന്റെ ഭാഗ്യം .. ആ കണ്ണുകള്‍ ഇനി അനൂപിന് വേണ്ടി മാത്രം ....!!
അവന്റെ മനസ്സില്‍ ഒരു , അല്ല അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ലഡ്ഡു പൊട്ടി ...!!


ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്നു അമൃതയിലേക്ക് കൂട് മാറിയിയ സ്റ്റാര്‍ ജഡ്ജ് ശരത് സാറിനെ പോലെ ആ ലഡ്ഡു ചവച്ചു കൊണ്ട് അനൂപ്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി ... !!


" പേരെന്താ ...? , കോഴ്സ് കഴിഞ്ഞോ ....? എവിടെയായിരുന്നു പഠിച്ചത് ...? ഏതിനായിരുന്നു ....? " എന്നു തുടങ്ങിയ സ്ഥിരം ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളല്ലാതെ അവനില്‍നിന്നു കൂടുതല്‍ ഒന്നും ഉണ്ടായില്ല ..!
വെരി പുവര്‍ ...!!!
ഇന്റര്‍നെറ്റില്‍ മുഴുവന്‍ സമയവും അടയിരുന്നിട്ടും .. ഈ കാര്യത്തില്‍ മാത്രം തീരെ നീ അപ് - ഡേറ്റ് ആയില്ലല്ലോ എന്റെ കൂട്ടുകാരാ .. ! കഷ്ടം ...


" ഇപ്പോഴത്തെ കുട്ടികളല്ലേ ..., അവര്‍ക്ക് പേര്‍സണലായിട്ടു വല്ലതും .... !! " എന്ന സിനിമാറ്റിക് ഡയലോഗ് ആ അമ്മാവനില്‍ നിന്നു അനൂപ്‌ പ്രതീക്ഷിച്ചു ..
പക്ഷെ നിരാശയായിരുന്നു ഫലം ... !
" എന്നാല്‍ ശരി .. !" എന്ന മുഖഭാവത്തോടെ ഒരു തലയാട്ടല്‍
പെണ്ണിന്റെ അച്ഛന്റെ ഭാഗത്ത്‌ നിന്ന്..
( ' മതി , സ്ഥലം കാലിയാക്ക്..! " എന്നും വ്യാഖ്യാനിക്കാം )


മലയാള സൂപ്പര്‍ താരം വിനു മോഹന്റെ വിനയവും സൌമ്യതയും അവനു എങ്ങനെ കൈ വന്നു , എന്നോര്‍ത്ത് ഞാന്‍ അതിശയിച്ചുപോയി ..
പ്രവാസി ജീവിതം അവനെ വല്ലാതെ അങ്ങ് മാറ്റിയിരിക്കുന്നു ... !!
" ഇതാണ് ഞങ്ങ പറഞ്ഞ ചെറുക്കന്‍ .. ഇതാണ് ചെറുക്കന്‍ ...! "
എന്ന അഹങ്കാര ഭാവമായിരുന്നു കയ്യില്‍ പാതി ലഡ്ഡു പിടച്ചു എഴുന്നേല്‍ക്കുന്ന ബ്രോക്കര്‍ക്ക് ..


എല്ലാരോടും യാത്ര പറഞ്ഞു തലയാട്ടി , അറിയാതെ എന്നപോലെ അനൂപ്‌ അകത്തെവാതിലിലൂടെ നോക്കി,
പക്ഷെ നിരാശയായിരുന്നു ഫലം ...
വെളുത്ത ചുരിദാര് പോയിട്ട് ഒരു വെളുത്ത ടവല്‍ പോലും ....!!!


വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതാ ലെഫ്റ്റ് സൈഡിലും ഓഫ്‌ സൈഡിലും ഫീല്‍ടര്‍മാര്‍ വളരെ സന്തോഷത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നു ..
അവരെ ഒന്ന് അഭിവാദ്യം ചെയ്തു പോയാലോ എന്ന് വരെ മനസ്സില്‍ കരുതി ...
അസ്തമയ സൂര്യന്റെ നിറമുള്ള ഡ്രസ്സ്‌ ഇട്ടു നില്‍ക്കുന്ന
അയല്‍പ്പക്കക്കാരി പെണ്‍കുട്ടിയെ നോക്കി
അറിയാതെയൊന്നു ചിരിച്ചു പോയത് കണ്ട് ...ബ്രോക്കറുടെ കല്പന ...

"വേഗം , ഇനിയും മൂന്നു നാല് സ്ഥലത്ത് കൂടി പോകാനുള്ളതാ ... !! "

ഒരു സുന്ദരിയെ തന്നെ പെണ്ണ് കണ്ട " പോസിറ്റീവ് എനര്‍ജി " യുമായി,
ഇനിയും മൂന്നു നാല് പെണ്ണ് കാണലിനുള്ള ബാല്യം
തനിക്കുണ്ടെന്ന് മനസ്സിലുറപ്പിച്ച
വില്ലാളി വീരനായ അനൂപും ബ്രോക്കറും .. പിന്നെ ,
വെറും കാഴ്ചക്ക് വേണ്ടി ഈ ഞാനും.... ( കടപ്പാട് : നാറാണത്തു ഭ്രാന്തന്‍ ) ഗേറ്റിലെത്തി ...

ഒരു ഇന്നോവ ... ഗേറ്റിനരികില്‍ ഞങ്ങളെയും കാത്തിരിക്കുന്നു ..
ഞങ്ങള്‍ എത്തിയതും മൂന്നു പേര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ...

" ആ ശിവന്‍ കുട്ടി ... ! നീയോ ... ? " നമ്മുടെ ബ്രോക്കറുടെ
ഒരു സന്തോഷ പ്രകടനം .. എന്നിട്ട് അവരെ പരിചയപ്പെടുത്തി ...

"ഇത് ശിവന്‍ കുട്ടി ...! എന്റെ കൂട്ടുകാരനാ ..
ആളും ബ്രോക്കരാ... ഇതാരാ ശിവന്‍ കുട്ടി നിന്റെ പാര്‍ടി ... ? "

" അല്ല ഭായി , നിങ്ങള് ആണുങ്ങളെ പാര്‍ടി എന്നും പെണ്ണുങ്ങളെ കേസ് എന്നുമാണോ പറയുക ... പിന്നെ , ഈ " കുട്ടി " എന്ന പേര് നിങ്ങള്‍ ബ്രോക്കര്‍മാരുടെ സ്ഥാനപ്പേരാണോ ..
അല്ല എല്ലാവര്‍ക്കും അങ്ങനെ ഉണ്ടേ ,അതുകൊണ്ടാ .. ?"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു..

ജാതി പേര് പോലെ തൊഴില്‍ പേര് വിളിക്കുന്നതും
വല്ല പ്രശ്നമാണെങ്കില്‍ ... !! ഞാന്‍ ഒന്നും മിണ്ടിയില്ല ..

" ഞാന്‍ കിഷോര്‍ ...! ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ .... ! "
പെണ്ണ് കാണാന്‍ വന്ന ആ സുമുഖനായ ചെറുപ്പക്കാരനും
അനൂപും സംസാരിച്ചു കൊണ്ടിരിക്കുന്നു .

സച്ചിന്‍ ഔട്ട്‌ ആയി പുറത്തേക്കു വരുമ്പോള്‍ പാഡ് കെട്ടിയിറങ്ങുന്ന യുവരാജ് സിങ്ങിനു
ഉപദേശം കൊടുക്കുന്നത് പോലെ ...!

" അച്ഛന് അമ്മയുണ്ട്‌ , അമ്മക്ക് അച്ഛനുണ്ട്‌ ,
എനിക്കാരാ ഉള്ളത് ....!!!" എന്ന കൊച്ചിന്റെ സംശയ ഭാവത്തോടെ ഞാന്‍ നില്‍ക്കുമ്പോള്‍
കൂടെ വന്ന ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു ...

എനിക്കും ഒരു കൂട്ട് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു ..

" അല്ല ... ചെറുക്കന്റെ ആരായിട്ടു വരും ... ! "
സന്തോഷത്തോടെ കൈ തന്നു കൊണ്ട് അയാള്‍ പറഞ്ഞു ..

" ഞാനും , ചെറുക്കന്‍ വന്ന കാറിന്റെ ഡ്രൈവര്‍ ആയിട്ട് വരും .... !!"

അനൂപും ബ്രോക്കറും പിന്നെ ഞാനും....
( ഇത്തവണ കടപ്പാട് സംവിധായകന്‍ വിനയന് )...

അവിടത്തെ മണല്‍ ത്തരികളെ പോലും കോരിത്തരിപ്പിച്ചു കൊണ്ട് ,
അടുത്ത സ്വീകരണ പോയന്‍റ് ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നതിനായി
വണ്ടി "അന്ന്യന്‍ " സിനിമയുടെ മ്യൂസിക്കിനനുസരിച്ചു റിവേര്‍സ് എടുക്കുമ്പോള്‍ ,

കാറിന്‍റെ സൈഡ് മിറ റില്‍ വീണ്ടും ' അനിയന്‍ ബാവ ചേട്ടന്‍ ബാവ ' , യിലെ ,
" അവന്‍റെ മകനാണ് ഇവന്‍ .... ഇവന്‍റെ മകനാണ് അവന്‍ ....അവന്‍റെ മകനാണ് ലവന്‍ " സ്റ്റൈലില്‍ ഉള്ള പരിചയപ്പെടുത്തലിനായി ..
അതായത് മറ്റൊരു അങ്കത്തിനായി ...
മുറ്റത്ത്‌ തയ്യാറായി നില്‍ക്കുന്ന വൃദ്ധ സംഘം....!

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഒരു കാര്യം തീരുമാനിച്ചു ...!
നിര്‍ത്തി .... നിര്‍ത്തി .....!
ഇന്നത്തെ കൂടിയുള്ളൂ .....!!!

പെണ്ണ് കാണല്‍ പരിപാടി ഞാന്‍ നിര്‍ത്തി ...!!!!മാഷ് .

Thursday, October 20, 2011

എതിരാളികളില്ലാത്ത തേരാളി ....!!


രാവിലെ തന്നെ ആ ഫോണ്‍ ബെല്ല് കേട്ടാണ് ഉണര്‍ന്നത് .. ,
ഇന്റര്‍നെറ്റില്‍ സജീവമായത് കൊണ്ട് 'വൈകി ടു ബെഡ് ആന്‍ഡ്‌ വൈകി ടു റൈസ്‌ ' ആണ് ....!
"മാഷേ ഇന്നെന്താ പരിപാടി ... ?" ഗള്‍ഫില്‍ നിന്നും വന്ന സുഹൃത്ത് അനൂപ്‌ ആണ് ഫോണില്‍ ...
" ഇല്ലാ .. ഇവിടെ ഉണ്ട് ... " ഞാന്‍ പറഞ്ഞു
" ഇന്നും പെണ്ണ് കാണല്‍ ഉണ്ട് .. ഒന്ന് കൂടെ വരുമോ ...?
നമ്മുടെ
ലുട്ടു ആണ് പറഞ്ഞത് , നമ്മുടെ മാഷോട് ചോദിക്ക് ,
പുള്ളിക്കാരന് വേറെ പണി ഒന്നുമില്ലല്ലോ ..
ഓണത്തിന്
സ്കൂള്‍ അടച്ചിരിക്കുകയല്ലേ എന്ന് .. ഇഹ് ..ഇഹു .?"


ലുട്ടു
അങ്ങനെ പറയും .. പക്ഷെ .. പക്ഷെ അതിലെ അനുപല്ലവി അനൂപിന്റെ വഹയായിരിക്കും ..
പെണ്ണുകാണാന്‍ ഒക്കെ പോകുമ്പോള്‍ ഒരു ഉത്തരവാദിത്തമുള്ള ആള്
കൂടെ
ഉണ്ടാകുന്നത് നല്ലതല്ലേ എന്ന് ലുട്ടു കരുതിയാകും ....!!

(അല്ല .. പെണ്ണ് കാണാന്‍ കൂടെ കൊണ്ടുപോകുന്ന ആള്‍ക്ക് ഗ്ലാമര്‍ അധികം ഉണ്ടാകാന്‍ പാടില്ല
എന്നാണ് നാട്ടിലെ രീതി എന്ന് കരുതി ആണ് ലുട്ടു അക്കാര്യത്തില്‍ നിന്നു വിനയപൂര്‍വ്വം
പിന്‍വാങ്ങിയത്‌ എന്ന് പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിനു വേണ്ടി മറ്റൊരു കൂട്ടുകാരന്‍
" ബാലകൃഷ പിള്ള സ്റ്റൈല്‍ കാള്‍ " നടത്തിയപ്പോള്‍ ലുട്ടു പറഞ്ഞു വെത്രേ !
എന്തൊരു സാക്രിഫൈസ് ..!
" എനിക്കും ഉണ്ട് ഗ്ലാമര്‍ ...! അതും ഹീറോ ഹോണ്ട ഗ്ലാമര്‍ ....,
ഇപ്പൊ
ഹീറോ .. ഹോണ്ട അല്ലല്ലോ ... ഹീറോ കോപ്പല്ലേ ?
കോപ്പ് ..!! കഷ്ടം !" എന്റെ മനസ്സു മന്ത്രിച്ചു .. ലുട്ടു അങ്ങനെ ആയിരിക്കില്ല ചിന്തിച്ചത് !
റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു ബ്രേക്ക്‌ കിട്ടാന്‍ വേണ്ടി നമ്മുടെ ലുട്ടുവിനെ കുറുച്ചു അനാവശ്യം പറയുകയാണ്‌ )ഏതായാലും ഗള്‍ഫില്‍ നിന്നു വന്ന എന്റെ സുഹൃത്ത്‌ ..
സ്കൂള്‍
- കോളേജ് എന്നിവിടങ്ങളില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ചവന്‍ ...
ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ...! ഞാന്‍ വേഗം റെഡി ആയി ..
ടി.വി കണ്ട് കൊണ്ടിരിക്കെ .. വീട്ടുമുറ്റത്ത്‌ ഒരു കാര്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തി ...

" മാഷേ , റെഡി ആയില്ലേ ... ഇഹു ..ഇഹു ...!! " ഓ ... അനൂപിന്റെ ഒരു സന്തോഷം ..
. അതല്ലേ നമ്മുടെയും സന്തോഷം ... !!!
" ടാ, നീ ചായ കുടിക്കുന്നില്ലേ ?.."
"ചായ കുടിക്കാനല്ലേ മാഷേ .... ! " മുഖത്ത് പതിവ് പോലെ 70 എം എം ചിരി ..
പെണ്ണുകാണല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ ഒരു കൂട്ടുകാരനും എനിക്കുണ്ടായിട്ടില്ല ..

" മാഷ്‌ കാറെടുക്കില്ലേ .. ? " എന്ന അനൂപിന്റെ ചോദ്യത്തിനു ഉത്തരം മൂളും മുന്‍പേ ,
അവന്‍ താക്കോല്‍ എന്റെ കയ്യില്‍ തന്നു കൊണ്ട് തുടര്‍ന്നു..
" ഡ്രൈവറെ കിട്ടിയില്ല മാഷേ ... അതാണ്‌ ...!! "
അത് ശരി അപ്പൊ ഡ്രൈവര്‍ ...! ഉള്ളില്‍ അപ്പൊ ഒരു ചുടു നെടുവീര്‍പ്പ് ...
" എന്താ മാഷേ ..? "
" ഡ്രൈവറെ കിട്ടിയില്ല അല്ലേ ...?" ഞാന്‍ ചോദിച്ചു ...
" ഉം .. മാഷുണ്ടല്ലോ ? " വീണ്ടും നെടുവീര്‍പ്പ് ...
ഏയ് .. അനൂപ്‌ അങ്ങനെയൊന്നും കരുതി കാണില്ല ..

" വേഗം വിട്ടോ , കോളേജ് റോഡിലൂടെ പോകാം ... ,
സ്റ്റാന്റിന്റെ
അപ്പുറത്ത് ആ ബ്രോക്കര്‍ കാത്തു നില്‍ക്കുന്നുണ്ട് ...
ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ബ്രോക്കര്‍ നാരായണന്‍കുട്ടി .. മിടുക്കനാ ..! " അനൂപ്‌ തിരക്ക് കൂട്ടി ...

ഞങ്ങള്‍ പഠിച്ച കോളേജിന്റെ മുന്‍പിലൂടെ പോകുമ്പോള്‍
" പാണ്ഡവ കൌരവ യുദ്ധത്തില്‍ കൃഷ്ണന്‍ തേര് തെളിച്ചെങ്കില്‍ ...
കോളേജ് യൂണിയന്‍ നയിക്കാനായി .. പ്രവീണ്‍ കുമാര്‍ ഉണ്ടിവിടെ ...!"
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ മാലയുമിട്ട് മുന്പില്‍ നടന്ന
ഓര്‍മ്മകള്‍ അയവിറക്കി ... ഒന്ന് ലൈറ്റ് ആയി കുളിര് കോരി .... !!
"ഏതായാലും അന്ന് ഒരു വോട്ട് ചെയ്തതല്ലേ ... അല്ലേടാ ...?" എന്ന് മനസ്സില്‍ മാത്രം ഒരു ഡയലോഗ് ...

അപ്പോഴാണ്‌ ഭഗവാന്‍ കൃഷ്ണന്‍ വരെ പണ്ട് മിസ്റ്റര്‍ അര്‍ജുനന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന കാര്യം ഓര്‍ത്തത്‌ ... വീണ്ടും ഉള്‍പുളകം .. മനസ്സില്‍ ഒരു കുളിര്‍ മഴ .. !!!

" അനൂപേ .. നീ പോന്നപ്പനല്ലെടാ തങ്കപ്പന്‍ ..! " എന്ന് മനസ്സില്‍ വീണ്ടും പറഞ്ഞു അവനെ
നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി . കഴിഞ്ഞ ദിവസം സിനിമയ്ക്ക് കണ്ട അനൂപ്‌ അല്ല ഇത് ...
അവന്‍ ആകെ മാറി .. !!!

കഴുത്തില്‍ ഒരു കുടുക്കന്‍ സ്വര്‍ണ്ണ മാല.. കയ്യില്‍ സ്വര്‍ണത്തിന്റെ ഒരു പട്ടി ചങ്ങല ...
അതെല്ലാം പോട്ടെ .. ഒരു ദിവസം കൊണ്ട് ഒരു മനുഷ്യന്‍ ഇത്ര വെളുക്കുമോ ...?
മാത്രമല്ല തലേ ദിവസം അവന്റെ കയ്യില്‍ കണ്ട ലോക്കല്‍ മൊബൈല്‍ അല്ല ...
ഇത് ...ടി .വി യില്‍ ക്രിക്കറ്റ് കളിക്കിടയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള മിന്നി തിളങ്ങുന്ന
ഒരു ലേറ്റസ്റ്റ് ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...!!

പുതു പുത്തന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കി അതിലെ സ്വന്തം ഫോട്ടോ നോക്കി ആസ്വദിക്കുന്ന അനൂപ്‌ ...!
ഗള്‍ഫില്‍ നിന്നു വന്ന കൂട്ടുകാരനാണ് പോലും ...

" നോക്കെടാ എന്റെ കീശയിലും ഉണ്ട് ഒരണ്ണം .. അതിന്റെ കോലം നീ കണ്ടിട്ടുണ്ടോ ...? "
ഒന്നും ഞാന്‍ പറഞ്ഞില്ല . .. അങ്ങനെ പറയേണ്ടതാണ് ...
പക്ഷെ എന്റെ പഴയ മൊബൈലിനെ കുറിച്ചോര്‍ത്തു അല്പം സെന്റി ആയി ..

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരനാണ് പോലും .. പെണ്ണ് കാണാന്‍ നേരത്ത്
എന്റെ
മൊബൈലില്‍ ' ഒരു സി .ബി .ഐ . ഡയറി കുറിപ്പിന്റെ
ഉച്ചത്തിലുള്ള തീം മ്യൂസിക്‌ കേട്ടാല്‍ മോനെ അനൂപേ .. നിനക്കാണ് നാണക്കേട്‌ ... !!


" വണ്ടി ലെഫ്ടിലേക്ക് ഒന്ന് ഒതുക്കിക്കോ .. ! " അനൂപ്‌ പെട്ടന്ന് പറഞ്ഞു ...
ഞാന്‍ അല്പം കയറ്റി നിര്‍ത്തി ...,പിന്നീടുണ്ടായ സംഭവങ്ങള്‍ ...
എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലല്ലോ ...ദൈവമേ .....!!!!!

അവന്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയപ്പോള്‍ .. പോകും വഴി കൊറിക്കാനായി വല്ല ചിപ്സും വാങ്ങാനാകും ...
പിന്നെ കുടിക്കാന്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ ..! എന്നൊക്കെയാണ് കരുതിയത്‌ ... !
അവന്‍ കാറില്‍ നിന്നു ഇറങ്ങി ...
റോഡ്‌ സൈഡില്‍ നില്‍ക്കുണ്ടായിരുന്ന ബ്രോക്കറെ
കാറിന്റെ
ഫ്രന്റ്‌ ഡോര്‍ തുറന്നു കൊടുത്തു കയറ്റി ..

ബ്രോക്കര്‍
എന്റെ ലെഫ്റ്റ് സൈഡില്‍ .. !!!

അനൂപ്‌ ദാ കാറിന്റെ ബാക്കില്‍ ഒറ്റയ്ക്ക് വിശാലമായി ഞെളിഞ്ഞിരിക്കുന്നു , അല്ല ഞെളിഞ്ഞു കിടക്കുന്നു ...
ഈശ്വരാ .. !!!

" എനിക്ക് എ . സി . പറ്റില്ല .. അതാ ... വണ്ടി എടുത്തോ ...!" അനൂപ്‌ നയം വ്യക്തമാക്കി ...
ഞാന്‍ എ . സി യുടെ തണുപ്പ് കൂട്ടി ... !!!

വളരെ ഗൌരവ ഭാവത്തോടെ എന്റെ സൈഡില്‍ ബ്രോക്കര്‍ നാരായണന്‍ കുട്ടി ... പിന്നെ ഞാന്‍ ..
അതായത് ബ്രോക്കറും പിന്നെ ഡ്രൈവറും ....!!!
പിന്നില്‍ നമ്മുടെ അനൂപ്‌ മുതലാളി .... !

"ഈശ്വരാ .. ബ്രോക്കറുടെ കയ്യിലും ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...! "
ഇല്ല .. എന്തൊക്കെ സംഭവിച്ചാലും എന്റെ കീശയില്‍ നിന്നു
മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്ന പ്രശ്നമേയില്ല ..
ഇത് സത്യം ..സത്യം .. സത്യം ...! ഞാന്‍ ഈശ്വരാ നാമത്തില്‍ ഒരു ദൃഡപ്രതിജ്ഞ എടുത്തു ...!


ടി
.വി . ന്യൂസ്‌ അവതാരകനെ പോലെ ആകാശത്തിന് താഴെ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും
ആധികാരികമായ്‌ അനൂപിനോട് സംസാരിക്കുന്ന ബ്രോക്കര്‍ ....!!
ബ്രോക്കര്‍ എന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല ... !
ഡയറി എടുത്തു മറിച്ച് നോക്കി ... , ഫോണ്‍ എടുത്തു നോക്കി .. !!!

നമ്മുടെ ബ്രോക്കര്‍ നാരായണന്‍ കുട്ടി ഗൌരവം ഒട്ടും ചോരാതെ ... സംസാരം തുടര്‍ന്നു കൊണ്ടിരുന്നു ..
" അല്ല , ഡ്രൈവര്‍ ഉണ്ടാകില്ലെന്ന് രാവിലെ പറഞ്ഞിട്ട് .....???? "
" എടാ .. ബ്രോക്കറെ....!!! * $ * ൬ * >** ....!!! " ഞാന്‍ ഒന്നും പറഞ്ഞില്ല ...

പുതിയ നിന്റെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ഫോണില്‍ ഗെയിംസ് കളിച്ച്‌ നിന്നിരുന്ന നേരത്ത് ...
അപ്പോഴെങ്കിലും അനൂപേ ...
" ഉം .... " എന്ന് മൂളാതെ നിനക്ക് ഒരു വാക്ക് പറയാമായിരുന്നു ...!!

" ഇത് എന്റെ ഒരു സുഹൃത്താണ് .... ഒരു അധ്യാപകനാണ് .... !
വെബ്‌ സൈറ്റ് മുതലാളിയാണ് ...! ഒരു ഗമണ്ടന്‍ കവിയാണ്‌ ..... !!"
എന്നെങ്കിലും ...
ദാ ... മഴ പെയ്യുന്നു ...
ഒരു കാര്യത്തിനു പോകുമ്പോള്‍ മഴ നല്ല ലക്ഷണമാ ...
ബട്ട്‌ ഈ കളിക്ക് .. നമ്മുടെ ക്രിക്കറ്റ് കളി പോലത്തെ കളിക്ക് മഴ ഒരു ....
ഇടയ്ക്കു വച്ച് നിര്‍ത്തിയ ഈ കളി സച്ചിന്‍ - സെവാഗ് കൂട്ട് ക്കെട്ടിലൂടെ നമുക്ക് വീണ്ടും തുടങ്ങാം ...മാഷ്

Wednesday, October 19, 2011

ബെറ്റര്‍ ചോയ്സ് സിദ്ധാന്തം .. !
മുന്‍കൂട്ടി കൂട്ടുകാരോട് പറഞ്ഞതനുസരിച്ച് തിരുവോണ ദിവസം
ഞാന്‍ പ്രഭാത് തീയറ്ററില്‍ എത്തുമ്പോള്‍ , ഞങ്ങള്‍ സ്നേഹപൂര്‍വ്വം
"ലുട്ടു" എന്ന് ഓമന പേറെടുത്തു വിളിക്കുന്ന , ( ഒമാനയാണോ പേറെടുത്തത് എന്നൊന്നും എനിക്കറിയില്ല !!)
കാഴ്ചയില്‍ വളരെ സൌമ്യനും ആറടി ഉയരവുമുള്ള ചെറുപ്പക്കാരന്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു .
കണ്ട ഉടനെ " മാഷേ .." എന്ന് കയ്യുയര്‍ത്തി വിളിച്ചു .

ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയതേയുള്ളൂ .....
ലീഡറുടെ ചിരിയും എ . കെ ആന്റണിയുടെ ഉയരവുമായി
ഒരു ചെറുപ്പക്കാരന്‍ മറ്റൊരാളുടെ ബൈക്കില്‍ എത്തി .
കഥാനായകന്‍ മിസ്റ്റര്‍ അനൂപ്‌ പട്ടറ്റ്‌ !


ബൈക്കില്‍ നിന്നും, മന്ത്രി മോഹനന്‍ നിയമസഭയില്‍ ചെയ്തത് പോലെ കാലുയര്‍ത്തി ഇറങ്ങി ...
താന്‍ ജിം ആണെന്ന് കാണിക്കുന്നതിനായി ഒരു കുടച്ചില്‍ , ശരീരം കൊണ്ട് ഒരു തിരിച്ചില്‍ !
സത്യജിത് റായുടെ സിനിമയില്‍ മഴയത്ത് ഒരു നായ വന്നുനിന്നു കുടയന്നത് പോലെ എന്നെഴുതാമായിരുന്നു ....
പക്ഷെ ഈ ഉപമ,
തൊട്ട് മുന്‍പിലെ അവസരത്തിനായിരുന്നു കൂടുതല്‍ അനുയോജ്യം ....
പക്ഷെ ആ സ്ഥാനവും മന്ത്രി ഏറ്റെടുത്തല്ലോ ?

സിനിമ " ഡോക്ടര്‍ ലവ് ":
അത് കണ്ട് കൊണ്ടിരിക്കുമ്പോഴും
അതിനു മുന്‍പും പിന്‍പും എല്ലാം അനൂപിന്‍റെ പെണ്ണ് കാണല്‍ തന്നെയായിരുന്നു പ്രധാന സംസാര വിഷയം .
സംസാരമെന്നാല്‍ ഭാര്യ എന്നാണ് അര്‍ഥം എന്ന്
നന്നായി തമിഴ് പേസ്സുന്ന ലുട്ടു അപ്പോള്‍ പറഞ്ഞതായും ഓര്‍ക്കുന്നു .
പെണ്ണുകാണല്‍ വിശേഷങ്ങള്‍ അറിയാനുള്ള ലുട്ടുവിന്റെ ആ ത്വര എനിക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കി ..,
അനൂപ്‌ പട്ടാറ്റ് പറഞ്ഞുകൊണ്ടേയിരുന്നു..


" ഇന്നലെ കണ്ട ഒരു കേസ് .... "
" കേസോ ? " ... ലുട്ടുവാണ്
" മോനേ ഞങ്ങളുടെ അവിടെ പെണ്ണുങ്ങളെ അങ്ങനെയാണ് പറയുക ..." അനൂപിന്‍റെ വിശദീകരണം
"ഈശ്വരാ ....!!! " ഞാന്‍ നെടുവീര്‍പ്പിട്ടു ...
" ആ കേസ് അത്ര പോരാ .. , പിന്നെ എന്‍റെ അടുത്തുള്ള ഒരു കുട്ടിയുണ്ട് ...?" അനൂപ്‌ തുടര്‍ന്നു..
" അതേത് കുട്ടി ..? " ലുട്ടു വീണ്ടും
" നാരായണന്‍ കുട്ടി ...!"

" ഏ .. എന്ത് ? " ലുട്ടു നിരാശനായി
" അതെ മിടുക്കനായ ഒരു ബ്രോക്കര്‍ ആണ് ആ നാരായണന്‍ കുട്ടി ...
ആള് പറഞ്ഞ്‌ ഒരു കുട്ടിയെ കണ്ടു .. നല്ല കുട്ടി , സുന്ദരി ..!
അമ്മയ്ക്കും ഇഷ്ടായി ..., എന്നാലും ഒരു മൂന്ന് നാല് സ്ഥലത്ത് കൂടി പോയി കാണണം ..!! "
"അതെന്തിനാ അനൂപേ ? " ലുട്ടുവിന്റെ സംശയം തീരുന്നില്ലല്ലോ പടച്ചോനെ ...
" ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ? .." എന്ന മുഖഭാവം അനൂപിന് ..

" എന്നാലും അമ്മക്കിഷ്ടമായ പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതാണ്
ഒരു അമ്മായമ്മ പോര് ഒഴിവാക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗം !! " ലുട്ടുവിന്റെ പക്വത , ആ ഉപദേശം ..
.. എന്റമ്മോ സമ്മതിക്കണം !!

പക്ഷെ ഭാര്യ വീട് അടുത്തായാല്‍ , " ഫാവി " യില്‍ ഉണ്ടായേക്കാവുന്ന
ചില പ്രശ്നങ്ങളെ കുറിച്ചായി അനൂപിന്‍റെ അപ്പോഴത്തെ ആശങ്ക.. !!!
ജീവിതത്തില്‍ സൌന്ദര്യപ്പിണക്കം ഉണ്ടായാല്‍ ...?? ,
( അനൂപിന് ഇല്ലെങ്കിലും പെണ്ണിന് സൗന്ദര്യം ഉണ്ടല്ലോ എന്ന് ആത്മഗതം ),

എ . സി " ഓണ്‍ " ചെയ്യാത്തത് കൊണ്ട് തീയറ്ററില്‍ ചൂട് ..
ഈ ചൂട് പോലെ , ഭാവിയില്‍ അനൂപ്‌ ചൂടായ് എങ്ങാനും അറിയാതെ
രണ്ടെണ്ണം സ്വന്തം പെണ്ണിന് കൊടുത്തു പോയാല്‍ ..
ഉടന്‍ പെട്ടിയുമെടുത്ത് പെണ്ണ് അവളുടെ വീട്ടിലേക്ക് ഇറങ്ങി പോയാല്‍ ..!
സൊ അകലെയാണ് നല്ലത് .. !
ബ്രോക്കര്‍ മൂന്ന് നാല് നല്ല കേസ് വേറെയും പറഞ്ഞിട്ടുണ്ട് ... ,
അനൂപിന്‍റെ ഒരു ബെറ്റര്‍ ചോയ്സ് സിദ്ധാന്തം .. !

"വേറെയും കേസ് .. , എന്റമ്മോ ..,
.മാഷേ എന്തെങ്കിലും ഒരു ഉപദേശം കൊടുക്കണം.. നമ്മുടെ അനൂപ്‌ പട്ടാട്ടിന്.. ! " വേണ്ടും ലുട്ടു

ഒന്ന് ചുമച്ചു കൊണ്ട് ഞാന്‍ ഗൌരവത്തോടെ തുടങ്ങി ...

" അനിയാ .. അത് .. മൊബൈല്‍ ഫോണ്‍ ആയാലും , ലാപ്‌ ടോപ്‌ ആയാലും ..
ഇപ്പോഴത്തെ നമ്മുടെ കാപ്പാസിറ്റിക്കനുസരിച്ച് ഒരെണ്ണം തൃപ്തിയോടെ സ്വന്തമാക്കുക ..!
തീര്‍ച്ചയായും അതിനേക്കാള്‍ നല്ലത് നമ്മുടെ മാര്‍ക്കറ്റില്‍ ഉണ്ടാകും ...ഉറപ്പ് ..
എന്ന് കരുതി ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല ...!!
ഞാന്‍ പറഞ്ഞ്‌ തീര്‍ന്നില്ല

" മാഷുടെ ഒടുക്കത്തെ ഫിലോസഫി ..! " ലുട്ടു ആവേശഭരിതനായി ... !!

അനുജന്‍റെ ബൈക്കില്‍ കയറി അനൂപ്‌ പട്ടറ്റ്‌ തിരിച്ചു പോകുമ്പോള്‍
മനസ്സു ചുമ്മാ അങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു ...

" ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല ...!
mash.