Thursday, November 17, 2011

"സ്ഥാനാര്‍ഥിനി " യെ തേടി ...! (ക്യാമ്പസ്‌ അനുഭവങ്ങള്‍ )"നവാഗതര്‍ക്ക് സ്വാഗതം " എന്നെഴുതിയ ബാനര്‍ വലുതും ചെറുതുമായി
ഒരു മൂന്ന് നാലെണ്ണം കോളേജിന്റെ പടിവാതിലില്‍ ഉയര്‍ന്നു ...

വെളുത്ത വസ്ത്രവും ധരിച്ചു വെളുക്കെ ചിരിച്ചു നില്‍ക്കുന്ന ഞങ്ങളോട് അസൂയ തോന്നിയ മേഘങ്ങള്‍
" മൈ ഡിയര്‍ കുട്ടിചാത്ത"നില്‍ വില്ലന്‍ പയ്യന്‍ ചെയ്തത് പോലെ മുകളില്‍ നിന്നും മഴ സ്പ്രേ ചെയ്തു ..
ഊം ,,,നിങ്ങള്‍ അങ്ങനെ ഇവിടെ കുഞ്ചാക്കോ ബോബന്മാരാകേണ്ട എന്ന ഭാവത്തോടെ ...

' ഇതിനെക്കാളും ബല്ല്യ മഴ വന്നിട്ടും ബാപ്പ ക്ലാസ്സില്‍ കയറിയിട്ടില്ല, പിന്നെയല്ലേ ഞമ്മള് 'എന്ന്
ഊന്നി പറഞ്ഞ്‌ ഞങ്ങള്‍ പുതിയ കൂട്ടുകാരെയും കാത്ത്‌ നില്‍ക്കുന്നു .. എല്ലാവരും കോളേജ് ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ .. ഒരു കുട പോലും പിടിക്കാതെ ...!

ഫസ്റ്റ് ഡിഗ്രിയിലെ പെണ്‍കുട്ടികള്‍ മോശം ആകാന്‍ വഴിയില്ല എന്ന് അപേക്ഷ വാങ്ങാന്‍ വന്നപ്പോലെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു ..വെറുതെയല്ല .. പൊരിവെയിലത്തും പെരുമഴയത്തും അടിപതറാത്ത പ്രസ്ഥാനത്തിന് ഇത്രയേറെ സജീവപ്രവര്‍ത്തകര്‍ ...!!

"ഒരിക്കലും അല്ല , ഇത്തവണ നമ്മള് സ്ട്രോങ്ങ്‌ ആണ് മോനേ ..." ഞാന്‍ മറ്റുള്ളവര്‍ക്ക് ധൈര്യം കൊടുത്തു ..
" പ്രവീ , നീ തന്നെ പാനല്‍ ലീഡ് ചെയ്യ് .. ഇത്തവണ നമുക്ക് യുണിയന്‍ പിടിക്കാം ..
ന്യൂട്ടന്റെ മൂന്നാം നിയമം പോലെ ഉടന്‍ വന്നു യുണിറ്റ് പ്രസിഡണ്ട്‌ അരുണിന്റെ തീരുമാനം ..

കോളേജില്‍ വെളുത്ത ഷര്‍ട്ടും മുണ്ടും മാത്രം ധരിക്കൂ എന്ന് പണ്ടേ ഉറപ്പിച്ച ഞാനും ...
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മറ്റുള്ളവരും , അതില്‍ പ്രീ ഡിഗ്രി റെപ്പ് മുതല്‍
പി .ജി . അസോസിയേഷന്‍ സെക്രട്ടറി വരെ യുള്ളവര്‍ വരെ എല്ലാവരും അങ്ങനെ മുണ്ടന്മാരായി ...
മണ്ടന്‍ മാരല്ല .. മുണ്ടന്മാര്‍ ... " മു ..." മൂവാണ്ടന്‍ മാങ്ങയുടെ " മു .." ...!

എല്ലാരും കൂടി അങ്ങനെ ജീന്‍സ് ഇട്ട് നടക്കുന്ന ഒരു സമൂഹത്തിന്റെ ഇടയില്‍ മുണ്ടുടുത്ത് നടക്കുമ്പോള്‍ ..
മുല്ലപെരിയാര്‍ എന്നും പറഞ്ഞ്‌ വല്ല തമിഴന്‍മാര്‍ ആ വഴിക്കെങ്ങാനും വന്നാല്‍ .....!!

എല്ലാവരും തെരഞ്ഞെടുപ്പ്‌ വരെ മുണ്ടന്മാരായി ജീവിക്കും എന്ന് ഈശ്വര നാമത്തില്‍ സത്യപ്രതിഞ്ജയെടുത്തു ...
ഒരു സത്യപ്രതിഞ്ജ കിടക്കട്ടെ ... ഇനി ഇലക്ഷന്‍ കഴിഞ്ഞിട്ട് അതിനുള്ള യോഗം ഇല്ലെങ്കിലോ ?
പിന്നെ അന്ന് തിളക്കം സിനിമ റിലീസ് ആയിട്ടില്ലല്ലോ ...!! ധൈര്യമായി ഉടുക്കാം ...

സ്ഥാനാര്‍ഥി പാനല്‍ റെഡി ആയി ... ഹൈക്കമാന്റ് ഇടപെടല്‍ അധികം ഇല്ലാതെ ....
ആരെയും നോവിക്കാതെ , വിഷമിപ്പിക്കാതെ ,ഒരു പാനല്‍ ... പക്ഷെ രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു ...
പെണ്‍കുട്ടികള്‍ക്ക് റിസെര്‍വ് ചെയ്തു വച്ചിരിക്കുന്നത് ....
അവിടെ ഇരിക്കാന്‍ ആളില്ലെന്ന് കരുതി ,
ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ പോലെ ആ സീറ്റുകളില്‍ ചുമ്മാ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ...!
അതിനു പെണ്‍കുട്ടികള്‍ തന്നെ വേണം .. യുണിവേസിറ്റിയുടെ ഓരോ നിയമങ്ങള്‍ ... !

" ടാ , ആരെങ്കിലും ഉണ്ടോടാ നിന്റെ കസ്റ്റഡിയില്‍... ? " ചോദ്യം നമ്മുടെ പ്രീഡിഗ്രി കൂട്ടുകാരോട് ....
" പിന്നെ , ചേട്ടന് എത്ര പേര് വേണം ...അത് പറ " റെനീഷ് ആണ് ..
" പേര് പോര മോനേ ... ആളെ തന്നെ വേണം ...!!" ഡിന്റോ പറഞ്ഞു .
"എന്നാ അക്കാര്യം അവരെ അങ്ങോട്ട്‌ ഏല്‍പ്പിക്കു.... അവര്‍ അറിയാത്തോരില്ലല്ലോ ഇവിടെ,
പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ....!!"
നോബിന്‍ , സേതു , ഷിബു തുടങ്ങിയ ഡിഗ്രീക്കാര്‍ കൈകഴുകി .. ഇനി പ്രീഡിഗ്രീക്കാരുടെ ഊഴം ...!

" എം . എ . ക്കു ഒരു ചേച്ചി ഉണ്ട് , പക്ഷെ കല്യാണം കഴിച്ചതാ ...!"
ഇത് പറഞ്ഞത് ഒരു ഡിഗ്രിക്ക് പഠിക്കുന്നവനാണ് ..
" ഏയ് , അത് ശരി ആകില്ല ..., ഒരിക്കലും ശരി ആകില്ല !!" പ്രീഡിഗ്രിക്കാരന്‍ റെനീഷ് പക്ഷെ സമ്മതിക്കുന്നില്ല ..
" അതെന്താ റെനീഷേ , കല്യാണം കഴിച്ചവര്‍ വൈസ് ചെയര്‍മാന്‍ ആയാല്‍ .... !" ചോദ്യം യുണിറ്റ് പ്രസിഡന്റ്‌ അരുണിന്റെതാന് ...
" അത് ശരിയാകില്ല അരുണ്‍ ചേട്ടാ ... ഒന്നും അറിയാത്ത നമ്മുടെ ഈ ചേട്ടന്‍ ചെയര്‍മാന്‍ ആകുമ്പോള്‍ ...
എല്ലാം അറിയുന്ന ഒരു ചേച്ചി ... ഏയ് .. അത് ശരി ആകില്ല ...!!!" കണ്ടോ റെനീഷ് എന്നോട് സ്നേഹമുള്ളവനാ ...

" ബി .കോമില്‍ ഒരു ചേച്ചിയുണ്ട് .. നല്ല സുന്ദരി ... ഫൈനല്‍ ഇയറാ... " ആരോ പറഞ്ഞു ..
" ഞാന്‍ കണ്ടിട്ടില്ലല്ലോ രെനീഷേ ..." അത് ഡിന്റോ വക ...
"ഡിന്റോ കണ്ടിട്ടില്ലെങ്കില്‍ ഇവിടെ ഒരു മനുഷ്യന്‍ കണ്ടിട്ടുണ്ടാവില്ല ...
അങ്ങനെ ഉള്ളവരെ നിര്‍ത്തിയാല്‍ ആ സീറ്റ് പോയി എന്ന് ഉറപ്പിച്ചോ ,അരുണേ .." ജോജോയുടെതാണ് ആ കമന്റ്‌ ...

ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ വാരിയെറിയുന്ന സമയത്ത്
ഒരു ദു:ഖ വാര്‍ത്തയുമായി ഷെജിന്‍ വന്നു ...
" നമ്മള്‍ ഇന്നലെ റെഡി ആക്കിയ ജോയിന്റ് സെക്രട്ടറി ദിപ്പോ പറയുന്നു നിക്കുന്നിലാണ് ...!
ലവന്മാര് അവളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു ..
നിന്നാല്‍ പ്രശ്നം ആകുംന്ന് .. നിക്കണമെന്ന് ഉണ്ടെങ്കില്‍ ലവരുടെ പാനലില്‍ നില്ക്കാന്‍ ...!!"

"കഷ്ടം .. ഇനി ആദ്യേ പൂത്യെ ...തുടങ്ങണം ..." അരുണ്‍ വിഷമത്തിലായി ... ഞങ്ങളും ..
ഏതായാലും ഇനി " സ്ഥാനാര്‍ഥിനി " അന്വേഷണം രഹസ്യമായി മതി എന്ന് തീരുമാനിച്ചു ...
എന്നെയും അരുണിനേയും ചുമതലപ്പെടുത്തി യോഗം അവസാനിപ്പിച്ചു ...

" ചേട്ടാ , ഒരു ചേച്ചിയുണ്ട് .. ബി .എസ്‌ സി സെക്കന്റ്‌ ഇയര്‍ ...!
നല്ല സ്മാര്‍ട്ട് ആണ് ..." വീണ്ടും പ്രീ ഡിഗ്രീക്കാര്‍ റോക്ക്സ് ...!!
അരുണിനോട് പറഞ്ഞ കാര്യം അവന്‍ എന്നോട് പറഞ്ഞു ....
ശരി ഇനി നമുക്ക് നേരിട്ട് പോകാം ...
അങ്ങനെ ആ കുട്ടിയെ കാണാനായി സെക്കന്റ്‌ ഇയര്‍ ക്ലാസ്സിലേക്ക് ...

വഴിയില്‍ കാണുന്നവരെയൊക്കെ നോക്കി ചിരിക്കുമ്പോളും ..
അവര്‍ തിരിച്ചു നോക്കി ചിരിക്കുമ്പോളും .. മനസ്സില്‍ ഒരു നല്ല "സ്ഥാനാര്‍ഥിനി " മാത്രം ... ! പടച്ചോനെ നോമിനേഷന് ഒരു ആഴ്ച കൂടി ....!!
"ഈ വോട്ട് ചെയ്യുന്നവര്‍ വല്ലോരും നമ്മുടെ ബുദ്ധിമുട്ട് അറിയുന്നുണ്ടോ, അല്ലേ അരുണേ ...?"
അവന്‍ ഒന്നും മിണ്ടിയില്ല
"ദാ .. ആ കുട്ടി ..." കൂടെ വന്നവന്‍ ചൂണ്ടികാണിച്ചു ..
നന്നായി ചിരിച്ചു സംസാരിക്കുന്ന പ്രകൃതം ...! കൊള്ളാലോ ...

" രണ്ട് വര്‍ഷം , ഈ കാമ്പസ്സില്‍ പാറി പറന്ന് നടന്നിട്ടും ......
ഇവളെ നമ്മള് ശ്രദ്ധിച്ചില്ലല്ലോ ..., എന്റെ അരുണേ ...!" , ഞാന്‍ എന്റെ കണ്ണുകളെ ശപിച്ചു .
ഒരു രാഷ്ട്രീയക്കാരന്‍ റൊമാന്റിക്‌ ആകരുത് ... അവന്റെ ജീവിതം അതിനുള്ളതല്ല .. സേവനം .. അത് മാത്രമാകണം ... !!
പിന്നെ ...പള്ളീ പോയി പറഞ്ഞാല്‍ മതി ... !!!!

"ശരി , നീ പോയി സംസാരിക്ക് ... " അരുണ്‍ എനിക്ക് ധൈര്യം തന്നു ...
" എങ്ങനെ തുടങ്ങണം .. എന്ത് പറയണം എന്നൊന്നും എനിക്കറിയില്ല " എന്ന മൂന്നാംകിട കോളേജ് പയ്യന്റെ പുഷ്പിക്കള്‍ രീതിയിലല്ല ...ഒരു ഉത്തരവാദിത്തം ഉള്ള കോളേജ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായാണ്‌ സംസാരിക്കേണ്ടത് ....

" കുട്ടി , ഒരു കാര്യം പറയാനുണ്ട് .....!!" മുഴുവന്‍ പറഞ്ഞു തീര്‍ന്നില്ല .. കൂട്ടുകാരികളെ ഒഴിവാക്കി സുന്ദരമായ ചിരിയോടെ അവള്‍ മെല്ലെ എന്റെ അരികിലെത്തി.

ആ ചിരി ആസ്വദിച്ചുവെങ്കിലും ആ ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ കൂട്ടുകാരികളായ ആറു പേരുടെയും വോട്ട് ഞാന്‍ ഉറപ്പിച്ചു ...
എന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക്.... !!

ഞാന്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി കാര്യം അവതരിപ്പിച്ചു ,
വീട്ടില്‍ ചോദിക്കട്ടെ എന്ന മറുപടിയും തന്ന് അവള്‍ കൂട്ടുകാരികളുടെ ഇടയിലേക്ക് ...
ആ കൂട്ടുകാരികളെ നോക്കി " ശരി " എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തലയാട്ടി ..
"ഉം .. ശരി .. ചേട്ടാ . വോട്ട് ദിപ്പോ കിട്ടും ... നോക്കി ഇരുന്നോ ..." എന്ന ഭാവം അവര്‍ക്ക് മൊത്തത്തില്‍ ...


"ഏയ് .. എനിക്ക് യാതൊരു പ്രതീക്ഷയുമില്ല ...!! " ഞങ്ങള്‍ തിരിഞ്ഞു നടക്കും നേരത്ത് അരുണ്‍ എന്നോട് പറഞ്ഞു ...
" അല്ല ടാ .. ഞാന്‍ വളരെ ഭംഗിയായി കാര്യം അവതരിപ്പിച്ചു .."
" അതുകൊണ്ടാണ് ...." അരുണിന് എന്നെ എന്നിട്ടും വിശ്വാസമില്ല , യുണിററ് പ്രസിഡന്റ്‌ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ വിശ്വസിക്കണം ... !
" നാളെ ആകട്ടെ മോനേ അവള് വന്നു പറയുന്നത് നോക്കിക്കോ , !! ആത്മ വിശ്വാസം അതല്ലേ എല്ലാം ...!!

പിറ്റേ ദിവസം , രാവിലെ തന്നെ സെക്കന്റ്‌ ഇയര്‍ ബി. എസ്‌ സി ക്ലാസിനു മുന്‍പില്‍ ചെന്ന് നിന്നു ..
അരുണ്‍ എന്റെ അടുത്ത് നിന്നും അല്‍പ്പം മാറി നിന്നു .
അകലെ നിന്നും ചിരിതൂകി ... കളി ചിരിയോടെ ... അവള്‍ ദാ വരുന്നു ...

"ഗുഡ് മോര്‍ണിംഗ് ..." ആ കുട്ടിയാണ് ...
അങ്ങനെ എന്റെ ആദ്യ മിഷന്‍ സക്സസ് എന്ന് തോന്നി ....!
" നീ നിസ്സാരക്കാരനല്ല മോനേ ...മിടുക്കന്‍ !" ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

എന്നാലും ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി ചോദിച്ചു " എന്തായി .....?"
" അത് ശരി ആകില്ല ചേട്ടാ ....!, വേണ്ട ...! ഞാനില്ല .. അമ്മ സമ്മതിക്കില്ല ...!" ടോയിംഗ് ...
പൂവ് തരാന്‍ വന്ന ആള് കല്ലെറിയുന്നത്‌ പോലെ ...!!!
" അതെന്താ .....? " ആ വാക്കുകള്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ..
എന്റെ തലേ ദിവസത്തെ പെര്‍ഫോര്‍മന്‍സ് സൂപ്പര്‍ ആയിരുന്നല്ലോ ? എന്നിട്ടും .....! ആര്‍ട്സ് സെക്രടറി ആയി മത്സരിക്കുന്ന അക്കിഫ് അതും കണ്ട് പഠിച്ചു പോയാല്‍ അവന്‍ യുണിവേര്‍ സിറ്റി ബെസ്റ്റ് ആക്ടര്‍ ആയില്ലെങ്കിലും ഒരു "ഡി - സോണ്‍ " ബെസ്റ്റ് ആക്ടര്‍ എങ്കിലും ആകാമായിരുന്നു ...!
" ചേട്ടാ .. അമ്മ പറഞ്ഞു .. രാഷ്ട്രീയത്തിന്റെ ഭാഗമായി ഇലക്ഷനൊക്കെ നിന്നാല്‍ , ഭാവീല് ...!!!"
"ഭാവീല് ...., " എനിക്ക് ആകാംക്ഷ ..
" അല്ല എനിക്ക് കല്യാണം ഒക്കെ വരുമ്പോള്‍ ...ദേഷ്യം കൊണ്ട് ആരെങ്കിലും ,
അപ്പൊ ,എന്റെ കല്യാണം എങ്ങാനും മുടക്കിയാല്‍ ...? "
എന്തൊരു നിഷ്കളങ്കമായ ചോദ്യം ....എന്തൊരു ദീര്‍ഘ വീക്ഷണം ഉള്ള കുട്ടി ..!

" ഏയ് .. അങ്ങനെ ഒന്നും ഉണ്ടാവില്ല ...!" ഞാന്‍ ഉറപ്പ് കൊടുത്തു ..
" അല്ല , വേണ്ട ചേട്ടാ .. വേണ്ടാ ...!" അവളുടെ തീരുമാനം ഉറച്ചതാണ് ...
" അതേയ് , എന്റെ പാനലില്‍ ഇലക്ഷന് നിന്നൂന്നു പറഞ്ഞു ആരെങ്കിലും ഭാവീല്
നിന്റെ കല്യാണം എങ്ങാനും മുടക്കിയാല്‍ .....!!!"
"മുടക്കിയാല്‍ ..." ഇത്തവണ ആകാംക്ഷ ആ സുന്ദരമായ മുഖത്ത് ...
" ഞാന്‍ അന്ന് ജീവനോടെ ഉണ്ടെങ്കില്‍ ........!! " എന്റെ മുഴുവന്‍ ഡയലോഗ് കേള്‍ക്കും മുന്‍പേ
അവള്‍ ചിരിച്ചു കൊണ്ട് വീണ്ടും കൂട്ടുകാരിമാരുടെ ഇടയിലേക്ക് .....

" എന്തായി ....? ഏറ്റില്ല അല്ലേ ....? " അരുണ്‍ ആണ് .
ഞാന്‍ ആദ്യ റൌണ്ട് പരാജയം ഏറ്റു വാങ്ങിയ പോലെ .....
" ടാ .. നിനക്ക് പെണ്‍കുട്ടികളെ ഡീല്‍ ചെയ്യാന്‍ അറിയില്ല ....! അതാണ്‌ ...!!"
കണ്ണട ഒന്ന് കൂടി ഉറപ്പിച്ചു അരുണ്‍ ഗൌരവത്തോടെ പറഞ്ഞു ..
പാവം ഞാന്‍ ...!

പക്ഷെ ഒന്ന് കൂടി ബി .എസ്‌ സി ക്ലാസ്സിലേക്ക് തിരിഞ്ഞു നോക്കി അരുണിനോട് പറഞ്ഞു ...
" ജയിച്ചാലും തോറ്റാലും ... അവള് തന്നെ നില്‍ക്കേണ്ടാതായിരുന്നു ...
ഇനി നമ്മുടെ പാനലില്‍ നിന്ന ദേഷ്യത്തില്‍ , അവള് പറഞ്ഞ പോലെ ആരെങ്കിലും
അവളുടെ കല്യാണം മുടക്കിയാല്‍ .. പിന്നെ അന്ന് വേറെ ഒരു മാര്ഗ്ഗവുമില്ലെങ്കില്‍ , ഞാന്‍ തന്നെ അങ്ങോട്ട്‌ .. അല്ലേ അരുണേ ...? "

"എന്ത് നല്ല നടക്കാത്ത സ്വപ്നം ....! , നിന്നെ കുറിച്ച് ഞാന്‍ അപ്പോഴും പറഞ്ഞില്ലേ ..... ? "
അരുണ്‍ തുടര്‍ന്നു ......
" എന്ത് .....?" അത് അറിയുക എന്നത് എന്റെ അവകാശമാണ് ....

" നിനക്ക് പെണ്‍കുട്ടികളെ ഡീല്‍ ചെയ്യാന്‍ ഒരിക്കലും അറിയില്ല പ്രവീണേ ,,,,, !!!"


***** **** ****

24 comments:

 1. chirippichu chirippichu konnootta maashe ............ thakarathu alakki ppolichu pandaaradakkeele

  ReplyDelete
 2. thanks praveen......old is gold as u said...........bring me back to college days atleast for 10 minutes;)

  ReplyDelete
 3. super...praveen chettan..u bring me back 2 golden days of our college life...thank u...

  ReplyDelete
 4. masheeee nannayittund. pazhaya anubavathilekkonnu thirinju nokkanayi thanks

  ReplyDelete
 5. കലക്കി മാഷെ.......

  ReplyDelete
 6. ഇതൊക്കെ എപ്പോള്‍ സംഭവിച്ചു?? ബാക്കി പോരട്ടെ...

  പിന്നെ..ഒരു suggestion.. ഈ ബ്ലാക്ക്‌ background മാറ്റിയെങ്കില്‍ വായിക്കാന്‍ കുറച്ചു കൂടി സുഖമുണ്ടാകും എന്ന് തോന്നുന്നു.

  ReplyDelete
 7. പ്രേമവോട്ടഭ്യാർത്ഥന നന്നായീട്ടൊ.. ഒടുക്കവൻ അവളെ
  ‘ഈ ഞാൻ തന്നെ കെട്ടിയോ“ നന്നയിട്ടുണ്ട് മാഷെ..

  ReplyDelete
 8. പെണ്‍കുട്ടികളെ ഡീല്‍ ചെയ്യാന്‍ ഒരിക്കലും അറിയില്ല ....!! :-(

  ReplyDelete
 9. അനുഭവങ്ങള്‍ , പാളിച്ചകള്‍ ...!!

  നല്ല ബെസ്റ്റ്‌ തലക്കെട്ട്‌... എഴുത്ത് രസായിട്ടുണ്ട് ട്ടാ.. അനുഭവങ്ങള്‍ ഇനിയും പോരട്ടെ... കാത്തിരിക്കുന്നു....

  പോസ്ടുമ്പോള്‍ മെയില്‍ അയക്കാന്‍ മറക്കേണ്ട..

  khadirkudala@gmail.com

  ReplyDelete
 10. ഹഹഹഹ......കൊള്ളാല്ലോ മാഷേ...ഡീല്‍ ഓര്‍ നോ ഡീല്‍ കണ്ടാല്‍ ചിലപ്പോള്‍ നടന്നാല്ലോ ?

  ഫോട്ടോ കൊള്ളാം ട്ടോ ..

  ReplyDelete
 11. അസ്സലായി
  രസിപ്പിച്ചു
  ഒത്തിരി ചിരിപ്പിച്ചു.
  ഭംഗിയായി അവതരിപ്പിച്ചു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 12. Dear Praveen ji ..
  പോസ്റ്റ്‌ വായിച്ചു. നല്ല ഒരു കാമ്പസ് കഥ. വായിക്കുവാന്‍ രസം ഉണ്ട് . (അതിലപ്പുറം ഒന്നും ഇല്ല എങ്കിലും.) ചില ഭാഗങ്ങള്‍ വളരെ ഭംഗിയായി.
  ആ ചിരി ആസ്വദിച്ചുവെങ്കിലും ആ ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ കൂട്ടുകാരികളായ ആറു പേരുടെയും വോട്ട് ഞാന്‍ ഉറപ്പിച്ചു ... എന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക്.... !! ഇങ്ങനെ ചില നല്ല നമ്പരുകള്‍. തുടര്‍ന്ന് എഴുതുക. വീണ്ടും വരാം.

  ReplyDelete
 13. കുറച്ചു നേരം ആ കലാലയത്തിലൂടെ നടന്നു ....പ്രവീണിന്റെ കൂടെ ആ കൂട്ടത്തില്‍ ഒരാളായി ....

  നിഷ്കളങ്കമായ ഓര്‍മ്മകള്‍ .....നന്നായി

  ReplyDelete
 14. ഓര്‍മ്മകളില്‍ ഒരു പഴയ എലെക്ഷന്‍ കാലം .പോളി റെക്നിക്കില്‍ വോട്ട് തെണ്ടിയത് ,ഇത് മാതിരിയുള്ള അനുഭവങ്ങള്‍ക്ക് അവിടെ വക്കുപ്പില്ലാരുന്നു,രസകരമായി പറഞ്ഞു .പാടു വളരെ ശ്രവണ സുന്ദരമായി തോന്നി

  ReplyDelete
 15. വളരെ രസകരമായി.

  ReplyDelete
 16. കൊള്ളാം. ആശംസകള്‍...

  ReplyDelete
 17. നല്ല ഒഴുക്കോടെ കഥ പറയാന്‍ മാഷിനറിയാം ഇതിന്‍റെ ബാക്കിഉണ്ടാവുമല്ലോ അല്ലെ ?

  ReplyDelete
 18. hmmm... Collegil vannappole nee vellamundum vella shirtum chettanmarude koode mudravakyam viliyum ellam kandittittundu!!!You may be the only leader among your gang in those days!!!

  ReplyDelete
 19. കാഞ്ചന കണ്നോലിJune 14, 2012 at 10:47 AM

  കലക്കി. കോളേജ് ഡയസ്...തിരിച്ചു വന്നോ. ഞങ്ങളുടേത്.വനിതാ കോളേജ് ആയിരുന്നു...എന്നാലും തിരഞ്ഞെടിപ്പിനു പല നമ്പരും പുറത്തിറങ്ങും..
  ഇനിയും പ്രതീക്ഷിക്കുന്നു. ഒരു മല്‍സരം തന്നെ ആകാം,കാബ്ബാസ്‌ ഓര്‍മകളുടെ...

  ReplyDelete
 20. kollam baki poratee......

  ReplyDelete